കേരളത്തില്‍ ജാഗ്രതാനിര്‍ദേശം; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

single-img
26 April 2019

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. തിങ്കളും ചൊവ്വയും സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുളളതിനാല്‍ യെല്ലോ അലര്‍ട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങാനാണ് നിര്‍ദേശം. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തു നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് ശ്രീലങ്കയുടെ തെക്കുകിഴക്കായി ന്യൂനമര്‍ദം രൂപംകൊണ്ടത്. ഇത് ശക്തിപ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. കാറ്റ് കരയില്‍ കടക്കുമോയെന്ന് വരുംദിവസങ്ങളിലെ വിശകലനത്തിലേ മനസ്സിലാക്കാനാവൂ.

ശ്രദ്ധിക്കൂ

  • ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ രാത്രി മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.
  • മലയോരത്തും കടല്‍ത്തീരത്തുമുള്ള വിനോദയാത്രയും ഒഴിവാക്കണം.
  • കടല്‍ക്ഷോഭം രൂക്ഷമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ തീരത്തെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. തീരപ്രദേശത്ത് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. വെള്ളിയാഴ്ചമുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരത്തും മീന്‍പിടിക്കാന്‍ പോകരുത്.

ഞായര്‍ പുലര്‍ച്ചെ

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളതീരത്തും കന്യാകുമാരിയിലും മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. ഇത് 50 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാം. കേരളത്തില്‍ മഴയ്ക്കും സാധ്യത.

തിങ്കളാഴ്ച

കാറ്റിന്റെ വേഗം 70 കിലോമീറ്റര്‍വരെയാവും. മഴ ശക്തമാകും. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴ പെയ്യും.

ചൊവ്വാഴ്ച

ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കെത്തും. കേരളത്തില്‍ ശക്തമായ മഴ.