കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ മരിച്ചു

single-img
26 April 2019

ആലപ്പുഴ: കണിച്ചുകുളങ്ങരയ്ക്കു സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിനീഷ് (25) വിജയകുമാര്‍ (38) പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

വാനിലെ മറ്റു യാത്രക്കാരായ എട്ട് പേര്‍ക്കും ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. പരുക്കേറ്റ 3 പേര്‍ കുട്ടികളാണ്. പരിക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎല്‍ 01 എ.യു 9494 ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വിനീഷിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങി വരികയായിരുന്നു സംഘം എന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ടെംപോ ട്രാവലര്‍ രണ്ടായി നെടുകെ പിളര്‍ന്നു. ബസിലെ യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്നാണ് സൂചന.

കൂട്ടിയിടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന ടെംപോ ട്രാവലറില്‍ നിന്നും ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്നാണ് വിവരം.

മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂര്‍ മട്ടന്നൂരിര്‍ വിമാനത്താവളത്തിന് സമീപമാണ് ഇവരുടെ വീടെന്നാണ് വിവരം. തിരുവനന്തപുരത്ത് വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം.