ലോക്സഭ തെരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്തു; സ്ത്രീകളുടെ ഉത്സാഹം ശബരിമല വിഷയത്തിലുള്ള പ്രതിഷേധമെന്ന് വിലയിരുത്തൽ

single-img
25 April 2019

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിവില്ലാത്ത വിധം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുടെ വോട്ടാണ് ഇത്തവണ നടന്നത് .  കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് ഇത്തവണ സ്ത്രീ വോട്ടർമാർ കൂടിയത്. സ്ത്രീകൾ ഉത്സാഹം കാട്ടിയതിനു പിന്നിൽ ശബരിമല വിഷയം കാരണമാണെന്നാണ് വിലയിരുത്തൽ.

വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാതെ വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാറുള്ളവർ പോലും വിശ്വാസത്തെയും ആചാരത്തെയും ചോദ്യം ചെയ്തപ്പോൾ വോട്ടു ചെയ്തു പ്രതിഷേധം രേഖപ്പെടുത്തിയെന്നാണു കരുതുന്നത്. എന്നാൽ സ്ത്രീകളുടെ വോട്ട് ആർക്കാണ് ലഭിക്കുന്നതെന്ന് കാര്യത്തിൽ യുഡിഎഫ് എൻഡിഎയും സംശയത്തിലാണ്. ശബരിമല വിഷയം സംബന്ധിച്ച് പ്രതിഷേധം തങ്ങൾക്ക് അനുകൂലമായി മാറും എന്ന പ്രതീക്ഷയാണ് ഇരുമുന്നണികളും പുലർത്തുന്നത്.

കൂട്ടമായി സ്ത്രീകൾ എത്തി ചെയ്ത വോട്ടുകൾ യുഡിഎഫിനാണോ എൻഡിഎയ്ക്കാണോ കൂടുതൽ ഗുണം ചെയ്യുകയെന്നു വ്യക്തമല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1.25 കോടി സ്ത്രീകളാണ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ 92.83 ലക്ഷം വോട്ടു ചെയ്തു. അന്നു പുരുഷന്മാരിൽ 74.21% പേർ വോട്ടു ചെയ്തപ്പോൾ 73.85 ശതമാനമായിരുന്നു സ്ത്രീകളുടെ വോട്ടിങ് നിരക്ക്.

ഇത്തവണ കണക്ക് കീഴ്മേൽ മറിഞ്ഞു. പുരുഷൻമാരുടെ വോട്ടിങ് നിരക്ക് 76.48 ശതമാനവും സ്ത്രീകളുടേത് 78.80 ശതമാനവുമായി. ഇക്കുറി വോട്ടർ പട്ടികയിലുണ്ടായിരുന്ന സ്ത്രീകൾ 1.34 കോടിയാണ്. ഇതിൽ 1.06 കോടി പേർ വോട്ടു ചെയ്തു. ഇടുക്കി, കോട്ടയം മണ്ഡലങ്ങൾ ഒഴികെ എല്ലായിടത്തും സ്ത്രീ വോട്ടർമാരാണു പുരുഷന്മാരെക്കാൾ മുന്നിൽ.