ഇത്തവണ തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഉണ്ടാവില്ല; രണ്ട് പേരെ കൊലപ്പെടുത്തിയതിനാൽ ഏർപ്പെടുത്തിയ വിലക്ക് തുടരും

single-img
25 April 2019

സംസ്ഥാനകൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും വനംമന്ത്രി കെ രാജുവുമായി ആനപ്രേമികളുടെ സംഘടനാ നേതാക്കള്‍ വഴി നടത്തിയ നീക്കങ്ങളും ഫലം കാണാതെ വന്നപ്പോൾ ഇത്തവണ തൃശൂർ പൂരത്തിന് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഉണ്ടാവില്ല എന്ന് ഉറപ്പായി. രണ്ടു പേരെ കൊലപ്പെടുത്തിയതിനെ തുടർന്ന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ തൃശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം തീരുമാനിച്ചിരുന്നു.

രാമചന്ദ്രനെതിരെയുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികൾ രം​ഗത്ത് എത്തിയതോടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം എന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി മാസത്തിൽ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നടന്ന ഒരു എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ്എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

ഇപ്പോൾ ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. പൂരം അടുത്തതിനെ തുടർന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.