ശ്രീലങ്കയിൽ സ്വയം ചിതറിത്തെറിച്ച് മനുഷ്യരെ കൊന്നൊടുക്കിയ ചാവേർ കുട്ടിയുടെ തലയില്‍ കൈവെച്ചിരുന്നു

single-img
25 April 2019

ശ്രീലങ്കയെയും അയൽരാജ്യങ്ങളെയും ഞെട്ടിപ്പിച്ച സ്‌ഫോടനപരമ്പരകള്‍ നടത്തിയ ചാവേറിൻ്റെ കുടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌ഫോടനം നടത്തുന്നതിനു മുന്‍പ് ചാവേര്‍ തന്റെ കുട്ടിയുടെ തലയില്‍ കൈവെച്ചിരുന്നതായി സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട ദിലീപ് ഫെര്‍ണാഡോ വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ 45 കുട്ടികളും ഉള്‍പ്പെടുന്നു.

ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് ദിലീപ് ഫെര്‍ണാഡോ രക്ഷപെട്ടത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഭാരമേറിയ ബാഗും തൂക്കി ഒരാള്‍ ഞങ്ങളുടെ അടുത്തുകൂടിപോയി. നടന്നു പോകുന്ന വഴി എന്റെ ചെറുമകളുടെ തലയില്‍ അയാള്‍ കൈവച്ചിരുന്നു അങ്ങനെയാണ് അയാളെ ശ്രദ്ധിച്ചതെന്നും ദിലീപ് പറയുന്നു.

ഈസ്റ്റര്‍ ആയതിനാല്‍ പള്ളിയില്‍ കുര്‍ബാനയ്ക്ക് ഒരുപാട് ആളുകള്‍ എത്തിയിരുന്നു. പള്ളിക്കകത്തു വശങ്ങളിലൊന്നിലെ വാതിലിലൂടെ പ്രവേശിച്ച ഇയാള്‍ അള്‍ത്താരയ്ക്ക് അടുത്തായുള്ള സീറ്റിലാണ് ഇരുന്നത്. ആക്രമണം നടന്ന പള്ളിക്കു സമീപത്തുനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നുമാണ് ചാവേറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചത്.

ഒമ്പതു ചാവേറുകളില്‍ എട്ടു പേരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വര്‍ധന സ്‌ഫോടനത്തില്‍ വനിതാ സാന്നിധ്യം ഉള്ളതായി സ്ഥിതീകരിച്ചു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത 18 പേരില്‍നിന്നാണ് ചാവേറുകളില്‍ വനിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വ്യക്തമായത്. മുഴുവന്‍ ചാവേറുകളും സ്വദേശികളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.