ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം ഗൂഢാലോചനയെന്ന പരാതിയില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു

single-img
25 April 2019

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു. ഗൂഢാലോചന അന്വേഷിക്കുന്നതിന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എകെ പട്‌നായിക് നേതൃത്വം നല്‍കും. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവരടങ്ങുന്ന സംയുക്ത അന്വേഷണമാണ് നടക്കുക

രാവിലെ തന്നെ കോടതി വളരെ കൃത്യമായി ബാഹ്യസമ്മര്‍ദ്ദം ഉണ്ടാകുന്നുവെന്ന് പറഞ്ഞിരുന്നു. കോടതിയുടെ വിശുദ്ധിക്ക് കളങ്കമേല്‍പിച്ചിരുന്നു, ഇത് തീക്കളിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് സിബിഐ ഐബി ഡല്‍ഹി പോലീസ് എന്നിവ ചേര്‍ന്നുള്ള വിപുലമായ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

‘നിങ്ങള്‍ക്ക് ഈ സ്ഥാപനം നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ല എന്ന് ധനികരോടും ശക്തരോടും പറയേണ്ടസമയം വന്നെത്തിയിരിക്കുന്നു’,. എന്ന് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. എപ്പോഴൊക്കെ വലിയ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഗൂഢാലോചനക്കെതിരായ അന്വേഷണം ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗിക ആരോപണ പരാതിയുടെ അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ വനിത ജീവനക്കാരിയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. രഞ്ജന്‍ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി രാജ്യത്തെ 22 ജഡ്ജിമാര്‍ക്കാണ് ജീവനക്കാരി കത്തയച്ചത്. സുപ്രീംകോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 35കാരിയാണ് ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പരാതിപ്പെട്ടത്.

പീഡനത്തെ എതിര്‍ത്തതിനാല്‍ രണ്ട് മാസം കഴിഞ്ഞ് തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും സസ്‌പെന്‍ഡ് ചെയ്തും പ്രതികാര നടപടികള്‍ തുടര്‍ന്നതായും കത്തില്‍ ആരോപിക്കുന്നു. ഇതിനിടെ ചീഫ് ജസ്റ്റിസിന്റെ ഭാര്യ തന്നെ കൊണ്ട് മാപ്പ് പറയിപ്പിച്ചു.

പിന്നാലെ സുപ്രിംകോടതിയില്‍ താല്‍കാലിക ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ് ആയിരുന്ന ഭര്‍തൃ സഹോദരനെയും പുറത്താക്കി. പ്രതികാര നടപടികളുടെ ഭാഗമായി തന്നെയും ഭര്‍ത്താവിനെയും രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്‌തെന്നും തനിക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അവര്‍ ആരോപിക്കുന്നു.

ജീവനക്കാരിയുടെ പരാതിയില്‍ അന്വേഷണച്ചുമതല സുപ്രീംകോടതിയിലെ രണ്ടാമനായ ജഡ്ജി എസ്.എ. ബോബ്‌ഡെക്ക് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് കൈമാറിയിരുന്നു. പരമോന്നത കോടതിയിലെ മറ്റു ജഡ്ജിമാരായ എന്‍.വി. രമണ, ഇന്ദിര ബാനര്‍ജി എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ മുന്‍ വനിത ജീവനക്കാരിക്ക് അന്വേഷണ സമിതി നോട്ടീസ് അയച്ചിരുന്നു. 26ാം തീയതി മൂന്നംഗ സമിതിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം.