അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന: അനധികൃത ചരക്കുനീക്കമടക്കം നിരവധി ക്രമക്കേടുകൾ

single-img
25 April 2019

സംസ്ഥാനത്ത് അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ മിന്നൽ പരിശോധന. കൊച്ചിയിലും തൃശൂരും പുലർച്ചയായിട്ടും പരിശോധന തുടരുകയാണ്. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടപ്പള്ളിയിൽ രാവിലെ അഞ്ച് മണി മുതൽ ആരംഭിച്ച പരിശോധനയിൽ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി.

30 ഓളം വാഹനങ്ങളാണ് പിടിച്ചിട്ട് പരിശോധിച്ചത്. തൃശ്ശൂരില്‍ പരിശോധിച്ച വാഹനങ്ങൾ ഇടപ്പള്ളിയിൽ വീണ്ടും പരിശോധിക്കുന്നുണ്ട്. ലഗേജ് വയ്ക്കുന്നിടത്ത് അനധീകൃതമായി വസ്തുക്കള്‍ കടത്തുന്നതും കണ്ടെത്തിയിട്ടുണ്ട്.

പരിശോധനയില്‍ നിരവധി ബസുകള്‍ പെർമിറ്റ് ചട്ടം ലംഘിച്ചാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തിയെന്ന് എറണാകുളം ആർ ടി ഒ ജോസി പി ജോസ് പറഞ്ഞു. പല ബസുകളും പാർസല്‍ സർവീസ് പോലെയാണ് പ്രവർത്തിക്കുന്നത്. ഇവർക്കെതിരെ കേസെടുത്ത് പിഴചുമത്തി. 

കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായാണ് കൊച്ചിയിലും പരിശോധന നടത്തിയത്. കർശന തുടരാനാണ് മോട്ടാർ വാഹന വകുപ്പിന്‍റെ തീരുമാനം.

അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളില്‍ ചട്ടലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.