മോദിയ്‌ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ കാണാനില്ല

single-img
25 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെരുമാറ്റചട്ട ലംഘനത്തിനെതിരെ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. ബാലാകോട്ട്, പുല്‍വാമ സൈനികര്‍ക്ക് വേണ്ടി കന്നിവോട്ട് ചെയ്യണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ ആകെ 426 പരാതികളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. പരാതികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. എന്നാല്‍ ഏപ്രില്‍ 9ന് മോദിയ്‌ക്കെതിരെ നല്‍കിയ പരാതി ഇപ്പോള്‍ വെബ്‌സൈറ്റില്‍ കാണാനില്ല.

മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടി നല്‍കിയവര്‍ക്കുമാകട്ടെ നിങ്ങളുടെ വോട്ടുകള്‍ എന്നായിരുന്നു മോദിയുടെ പ്രസംഗം. പ്രധാനമന്ത്രിയുടെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിങ്ങാണ് പരാതി നല്‍കിയിരുന്നത്. പുരോഗതി അറിയാന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് നോക്കിയപ്പോള്‍ ‘resolved’ എന്നാണ് കണ്ടതെന്ന് മഹേന്ദ്ര സിങ്ങ് പറഞ്ഞു.

സാങ്കേതിക തകരാര്‍ സംഭവിച്ചതാണെന്നും ‘കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്’ എന്നാണ് കാണിക്കേണ്ടിയിരുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മോദിയ്‌ക്കെതിരായ പരാതിയില്‍ രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പരാതി കാണാനില്ലെന്ന ആരോപണം.