തിരുവനന്തപുരത്ത് ഞാന്‍ തന്നെ വിജയിക്കും; ഉറപ്പ്: കുമ്മനം രാജശേഖരന്‍

single-img
25 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങളും, സംഘടനാ തല പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ആര്‍എസ്എസിന്റെ സംസ്ഥാന തല യോഗം കൊച്ചിയില്‍ തുടങ്ങി. ആര്‍എസ്എസിന്റെ വിവിധ പോഷക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഏറെ വിജയ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരനും പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും അവലോകന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്ന് ആവര്‍ത്തിച്ച് കുമ്മനം രാജശേഖരന്‍. വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ വരെ ഇത്തവണ പോളിംഗ് ബൂത്തിലെത്തി. ഉയര്‍ന്ന വിജയ ശതമാനം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു.

അതിനിടെ, കുമ്മനം രാജശേഖരന്‍ കുറഞ്ഞത് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ കാര്യം സംശയം ആണെന്നും വിലയിരുത്തലുണ്ട്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ന്യൂനപക്ഷ ഏകീകരണം ഉള്‍പ്പെടെ എന്തൊക്കെ സംഭവിച്ചാലും കുമ്മനത്തിന്റെ ജയം തടയാനാവില്ലെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് പറയുന്നതുപോലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്ന വാദം തെറ്റാണെന്നും അഥവാ അങ്ങനെയൊരു ഏകീകരണം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ മറികടക്കാവുന്ന മുന്നേറ്റം വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ബിജെപിക്കുണ്ടാവുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാവാന്‍ സാധ്യതയുള്ളത്. എന്നാല്‍ അതു കൊണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന പോലെ വലിയ തരംഗമില്ലെന്നും അവര്‍ പറയുന്നു.

എതിരാളികളുടെ കണക്കുകൂട്ടലുകളെ കവച്ചുവയ്ക്കുന്ന വിധത്തിലുള്ള ഭൂരിപക്ഷം നേമത്തും വട്ടിയൂര്‍ക്കാവിലും കുമ്മനം രാജശേഖരനുണ്ടാവുമെന്ന് അവര്‍ പറയുന്നു. ഭൂരിപക്ഷം പതിനയ്യായിരത്തില്‍ കുറയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനം ഈ രണ്ടു മണ്ഡലങ്ങളിലുണ്ടാവുന്ന മുന്നേറ്റമാണെന്ന് ബിജെപി വ്യക്തമാക്കുന്നു.

മുമ്പ് സംഭവിച്ചിട്ടുള്ളതുപോലെ എല്‍ഡിഎഫ് വോട്ടുകള്‍ യുഡിഎഫിന് കിട്ടുന്ന എന്ന അവസ്ഥ ഇപ്പോള്‍ ഇല്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. എല്‍ഡിഎഫ് വോട്ടുകള്‍ സി ദിവാകരനു തന്നെ വീഴുംവിധം ആയിരുന്നു പ്രചാരണം. എന്നാല്‍ ശബരിമല വിഷയത്തിലൂടെ ഉണ്ടായ വോട്ടുചോര്‍ച്ച മനസിലാക്കുന്നതില്‍ എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ടെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

സംസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയ സാധ്യത കല്‍പ്പിക്കപ്പെടുന്നുവെങ്കിലും കുമ്മനത്തിന്റേതു പോലെ ഉറച്ചതല്ല മറ്റിടങ്ങളിലെ സാഹചര്യമെന്നാണ് ബിജെപി കരുതുന്നത്. പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടെന്നും ഇത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് പ്രത്യക്ഷത്തില്‍ ഗുണം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു.

പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മേഖലകളില്‍ ആന്റോ നല്ല മുന്നേറ്റമുണ്ടാക്കുമെന്നും അതിനെ മറികടക്കുന്ന വിധത്തില്‍ ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ കെ സുരേന്ദ്രനു ജയിക്കാനാവുവെന്നും ബിജെപി കരുതുന്നു. ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ഇപ്പോള്‍ സാധ്യമല്ലെന്നാണ് ബിജെപിയുടെ പക്ഷം.

സുരേഷ് ഗോപി തൃശൂരില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതു ജയത്തില്‍ എത്തുമെന്ന ഉറപ്പ് ബിജെപി നേതാക്കള്‍ പങ്കുവയ്ക്കുന്നില്ല. പത്തനംതിട്ടയിലും തൃശൂരും രണ്ടാമത് എത്തുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കണക്കുകൂട്ടുന്നത്. പാലക്കാട്ടും ആറ്റിങ്ങലിലും സമാനമായ മുന്നേറ്റം മാത്രം കൃഷ്ണകുമാറിനും ശോഭാ സുരേന്ദ്രനുമുണ്ടാകുകയുള്ളുവെന്നും അവര്‍ പറയുന്നു.