യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഏകീകരിച്ച അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഈ വർഷത്തെ അവധി ദിനങ്ങള്‍ അറിയാം

single-img
25 April 2019

അബുദാബി: യുഎഇയിൽ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ഏകീകരിച്ച അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇയുടെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ് (എഫ് എ എച്ച് ആര്‍) കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വകുപ്പ് മുൻപേതന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അവധി ദിനങ്ങള്‍ ഏകീകരിച്ചിരുന്നു.

നിലവിൽ ഇസ്‌റാഅ്, മിഅ്‌റാജ് അവധി ദിനങ്ങളോടനുബന്ധിച്ച് ഉണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി വിശദീകരണവും പുറത്തിറക്കിയിട്ടുണ്ട്. അവധി ദിനങ്ങളുടെ പുതിയ പട്ടിക അനുസരിച്ച് ബലിപെരുന്നാളിനും ചെറിയ പെരുന്നാളിനും കൂടുതല്‍ അവധി ലഭിക്കുമെങ്കിലും ഇസ്‌റാഅ്, മിഅ്‌റാജ് ദിനങ്ങളിലും നബി ദിനത്തിനും അവധിയില്ല. ഈ വര്‍ഷം ആകെ 14 അവധി ദിനങ്ങളാണ് ലഭിക്കുക.

പുതിയ പട്ടികപ്രകാരം റമദാനില്‍ 30 ദിവസമുണ്ടാകുമെങ്കില്‍ ചെറിയ പെരുന്നാളിന് അഞ്ച് ദിവസം അവധി ലഭിക്കും. അതേപോലെ അറഫ ദിനം കൂട്ടി ചേര്‍ത്ത് ബലിപെരുന്നാളിന് നാല് ദിവസവും അവധി ലഭിക്കും.

ഈ വർഷത്തെ അവധി ദിനങ്ങൾ:

1* പുതുവര്‍ഷാരംഭം : ജനുവരി 1
2* ചെറിയ പെരുന്നാള്‍ : റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ
3* അറഫ ദിനം : ദുല്‍ഹജ്ജ് 9
4* ബലി പെരുന്നാള്‍ : ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ
5* ഹിജ്‌റ വര്‍ഷാരംഭം : മുഹറം 1
6* രക്തസാക്ഷി ദിനം : ഡിസംബര്‍ 1
7* ദേശീയ ദിനം : ഡിസംബര്‍ 2 മുതല്‍ 3 വരെ