ഗുജറാത്തിൽ ഉരുളക്കിഴങ്ങു കർഷകർക്കെതിരെ പെപ‌്സി; കേസ‌് പിൻവലിക്കാൻ കമ്പനി തയാറാകുന്നതുവരെ ലെയ‌്സ‌് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ബഹിഷ‌്ക്കരിക്കാൻ കിസാൻസഭയുടെ ആഹ്വാനം

single-img
25 April 2019

ഗുജറാത്തിൽ ഉരുളകിഴങ്ങു കർഷകർക്കെതിരെ പെപ‌്സി കമ്പനി വ്യാജ കേസ‌് നൽകിയ സംഭവത്തിൽ കർഷകരുടെ അവകാശം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന‌് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. കാർഷികവിളകളുടെ വകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള (പിപിവി ആൻഡ് എഫ്ആർ) നിയമത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായ കേസാണ‌് പെപ‌്സി കമ്പനി കർഷകർക്ക‌ുമേൽ ചുമത്തിയിരിക്കുന്നത‌്.

കർഷകർക്ക് എതിരെയുള്ള കേസ‌് പിൻവലിക്കാൻ പെപ‌്സി കമ്പനി തയാറാകുന്നതുവരെ ലെയ‌്സ‌് ഉൾപ്പെടെയുള്ള പെപ‌്സിയുടെ ഉരുളക്കിഴങ്ങ‌് ഉൽപ്പന്നങ്ങൾ ബഹിഷ‌്ക്കരിക്കാൻ കിസാൻസഭ ആഹ്വാനം ചെയ‌്തു.

ശക്തരായ കോർപറേറ്റുകൾ ഒരുഭാഗത്തും കർഷകരും തൊഴിലാളികളും മറുഭാഗത്തുമായി ഭാവിയിൽ നടക്കേണ്ട ശക്തമായ സമരത്തിന്റെ തുടക്കമായി ഗുജറാത്തിന്റെ മണ്ണ‌് മാറുകയാണ‌്. കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള വിവിധ കരാറുകൾ കോൺഗ്രസ‌്, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരുകൾ പിന്തുണച്ചു.

തികച്ചും കർഷക വിരുദ്ധമായ ഈ കരാറുകൾ തള്ളിപ്പറയാൻ കോൺഗ്രസും ബിജെപിയും തയാറാകണം. രാജ്യത്തെ എല്ലാ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും ശക്തമായ പ്രതിഷേധവുമായി അണിനിരക്കണമെന്ന‌് കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പ്രസിഡന്റ‌് അശോക‌് ദാവ‌് ലെയും പ്രസ‌്താവനയിൽ പറഞ്ഞു.