കുമ്മനവും സുരേന്ദ്രനും തോല്‍ക്കുമെന്ന ആശങ്കയില്‍ ബിജെപി; തീവ്ര ഹിന്ദുത്വ നിലപാട് തിരിച്ചടിയായി

single-img
25 April 2019

തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന അവകാശവാദങ്ങളില്‍ നിന്ന് ബിജെപി നേതാക്കള്‍ പുറകോട്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, വിജയ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയിലാണ് ബിജെപി കേന്ദ്രങ്ങള്‍.

തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയുടെ തീവ്ര ഹിന്ദുത്വ നിലപാട് സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുചെല്ലാന്‍ തടസ്സമായെന്ന മുറുമുറുപ്പ് ബി.ജെ.പിയിലുണ്ട്. പ്രചാരണത്തിന്റെ മുഴുവന്‍ നിയന്ത്രണവും ആര്‍.എസ്.എസ് കൈയടക്കിയത് പ്രവര്‍ത്തകരെ മനസ്സ്‌കൊണ്ട് ബൂത്ത് തലത്തില്‍നിന്ന് അകറ്റിയോന്ന സംശയവുമുണ്ട്. പത്തനംതിട്ടയില്‍ പോരാട്ടം നടത്താന്‍ സാധിച്ചെങ്കിലും ശബരിമല മാത്രം ഊന്നിയത് സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കിയെന്നാണ് സംശയം.

അതിനിടെ, തിരുവനന്തപുരത്തു ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തോല്‍ക്കുമെന്നും വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമെന്നും പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്, വടകര മണ്ഡലങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മംഗളമാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയനാട്ടില്‍ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂര്‍ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

രാഹുല്‍ ഗാന്ധിക്കു വയനാട്ടില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. സിപിഎം. അഭിമാനപ്പോരാട്ടം നടത്തുന്ന വടകരയില്‍ പി. ജയരാജനു നേരിയ മുന്‍തൂക്കമാണുള്ളത്. ഇവിടെ കഷ്ടിച്ച് ആയിരം വോട്ടിനു യുഡിഎഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ തോല്‍ക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്‍ഡിഎയുടെ കുമ്മനം രാജശേഖരനും എല്‍ഡിഎഫിന്റെ സി ദിവാകരനും ശക്തമായ പോരാട്ടമാണ് തിരുവനന്തപുരത്ത് കാഴ്ചവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാല്‍, അവസാനഘട്ടത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അദ്ദേഹത്തിനു പാര്‍ട്ടി പിന്തുണ ഉറപ്പാക്കുകയായിരുന്നു.

1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്. ഏഴു നിയമസഭാമണ്ഡലങ്ങളില്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല എന്നിവിടങ്ങളില്‍ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. ആറു ശതമാനം ഹിന്ദുനാടാര്‍ സമുദായവും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, 13-17 വരെ സീറ്റില്‍ യു.ഡി.എഫിന് വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ വിജയം 17-19 സീറ്റ് വരെ എത്തിയേക്കാമെന്ന നിഗമനത്തിലാണ് നേതാക്കള്‍. എട്ട് മുതല്‍ 12 വരെ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയം കൈവരിക്കുമെന്ന വിശ്വാസമാണ് സി.പി.എം നേതാക്കള്‍ക്ക്.

സംസ്ഥാനത്തെ എട്ടു ലോക്‌സഭാമണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുമറിച്ചെന്ന ആശങ്കയിലാണ് സി.പി.എം. കണ്ണൂരും കാസര്‍കോടും കൊല്ലവും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് അനുകൂലമായി ബി.ജെ.പി വോട്ടുമറിച്ചെന്നു സംശയിക്കുന്നത്.

തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങള്‍ മാത്രമാണ് ബി.ജെ.പി ശക്തമായി മത്സരരംഗത്തുള്ളത്. ബാക്കി മണ്ഡലങ്ങളിലെ വോട്ടുകളില്‍ യു.ഡി.എഫിലേക്ക് വലിയ ചോര്‍ച്ചയുണ്ടായി എന്നാണ് സി.പി.എമ്മിന്റെ ആശങ്ക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 1, 72,826 വോട്ടുകള്‍ നേടിയ കാസര്‍കോടാണ് പട്ടകയില്‍ ഒന്നാമത്.

ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി പ്രധാനമായും മഞ്ചേശ്വരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തം. വോട്ടുമറിയുമെന്നതിന്റെ സൂചനയാണിതെന്നും സി.പി.എം കാണുന്നു. ബൂത്തുതലം മുതല്‍ നടത്തിയ പരിശോധനയില്‍ കെ.പി.സതീഷ് ചന്ദ്രന്‍ ഭേദപ്പെട്ട ഭൂരിപക്ഷത്തിന് വിജയിക്കും. എന്നാല്‍ ബി.ജെ.പി വോട്ടുമറിഞ്ഞാല്‍ സ്ഥിതിഗതികള്‍ മാറിമറിയുമെന്നാണ് ഭയം.

സമാനമായ അവസ്ഥയാണ് ബി.ജെ.പി കഴിഞ്ഞ തവണ 51,636 വോട്ടുകള്‍ നേടിയ കണ്ണൂരും, 76313 വോട്ടുകള്‍ നേരിയ വടകരയിലും നേരിടുന്നത്. ബി.ഡി.ജെ.എസ് മല്‍സരിക്കുന്ന ആലത്തൂരും മാവേലിക്കരയും ബി.ജെ.പി സജീവമായിരുന്നില്ലെന്നാണ് വിലയിരുത്തല്‍.

കൊല്ലത്ത് തീര്‍ത്തും അപരിചിതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ തന്നെ വോട്ടുമറിയുമെന്നു പ്രതീക്ഷിച്ചിരുന്നതായി സി.പി.എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. 1,15,760 വോട്ടുകള്‍ നേടിയ കോഴിക്കോടും എ.പ്രദീപ്കുമാറിന്റെ വിജയപ്രതീക്ഷകള്‍ക്കുമേല്‍ ബി.ജെ.പി വോട്ടുകള്‍ തടസം നില്‍ക്കുമെന്നും ആശങ്കയുണ്ട്.

ശോഭാ സുരേന്ദ്രനാണ് ആറ്റിങ്ങലില്‍ മല്‍സരിച്ചതെങ്കിലും, വോട്ടുമറിഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ വോട്ട് നിയമസഭയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നു. അവിടെ നിന്നുമുണ്ടാകേണ്ട ആനുപാതിക വര്‍ധന കണ്ടില്ലെങ്കില്‍ വോട്ടുമറിഞ്ഞെന്ന് ഉറപ്പിക്കാമെന്നാണ് സി.പി.എമ്മിന്റെ നിഗമനം. തിരുവനന്തപുരം എ.കെജി സെന്ററില്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തും.