തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ : ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം; ആദിവാസികള്‍ കലക്ട്രേറ്റിന് മുന്നിലേക്ക് ലോങ്ങ്‌ മാര്‍ച്ച് നടത്തുന്നു

single-img
24 April 2019

കൽപറ്റ: വയനാട് ജില്ലയിലെ തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ പുതിയ സമരമുഖം തുറക്കുന്നു. കൈയ്യേറ്റം ഒഴിപ്പിച്ച പോലീസ് വനംവകുപ്പ് നടപടിക്കെതിരെ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് സമരക്കാര്‍. തൊവരിമലയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയായതായി രാവിലെ ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ രാവിലെ അറിയിച്ചിരുന്നു.

സമരസമിതിയുടെ നേതാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും മറ്റുള്ളവര്‍ തനിയെ ഒഴിഞ്ഞു പോയെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, പോലീസ് നടപടിയില്‍ ചിതറിയ ഭൂരഹിതര്‍ വീണ്ടും സംഘടിക്കുകയും തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചുകൊണ്ട് കല്‍പ്പറ്റ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുകയുമാണ്‌.

തങ്ങളുടെ ആവശ്യനാൽ അംഗീകരിക്കുംവരെ കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം നടത്താനാണ് ഇവരുടെ തീരുമാനം. ജില്ലയിലെ13 പഞ്ചായത്തുകളില്‍ നിന്നായി എത്തിയ ഭൂരഹിതരാണ് വയനാട് തൊവരിമല വനഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചത്. മുൻപ് ഹാരിസൺസ് മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത 106 ഹെക്ടർ ഭൂമിയിൽ കയ്യേറി അവകാശം സ്ഥാപിച്ച ആയിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു ഭൂരഹിതർ കയ്യേറ്റം നടത്തിയത്.

സമരസമിതിയുടെ നേതാക്കളായ കുഞ്ഞിക്കണാരൻ, മനോഹരൻ, രതീഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു ഒഴിപ്പിക്കൽ. ഇവരുടെ ഫോണുകൾ പിടിച്ചുവാങ്ങിയ പൊലീസ് ബലം പ്രയോഗിച്ചാണ് സമരക്കാരെ നീക്കിയത്. 1970-കളിൽ ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത ഈ ഭൂമി ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം ഉൾപ്പെടെ നേരത്തെ സമരം നടത്തിയിരുന്നു. പിടിച്ചെടുത്ത ഭൂമിയിൽ കൃഷിയിറക്കാനായിരുന്നു സമരക്കാരുടെ നീക്കം.