ചീഫ് ജസ്റ്റിസിനെതിരായുള്ള പരാതി കോർപ്പറേറ്റ് കമ്പനിയുടെ ഗൂഢാലോചനയെന്ന് സത്യവാങ്മൂലം: അന്വേഷിക്കുമെന്ന് സുപ്രീം കോടതി

single-img
24 April 2019

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതി അന്വേഷിക്കുമെന്ന് സുപ്രീം കോടതി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.

അതേസമയം, ലൈംഗികാരോപണത്തില്‍ അന്വേഷണം വേണമെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗിക പീഡന പരാതിയും  ഗൂഢാലോചന അന്വേഷിക്കുന്നതും പരസ്പരം ബന്ധപ്പെടുത്തരുതെന്നായിരുന്നു ഇന്ദിര ജെയ്‌സിങിന്റെ വാദം.

എന്നാൽ അക്കാര്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയാണു പരിഗണിക്കുന്നതെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

അതേസമയം സത്യവാങ്മൂലം നല്‍കിയ അഭിഭാഷകന്റെ വിശ്വാസത ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഇന്ദിര ജയ്‌സിങ് വ്യക്തമാക്കി. 

ചീഫ് ജസ്റ്റിനെതിരേ പരാതി ഉന്നയിക്കാന്‍ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന ആരോപണം ഉന്നയിച്ച അഭിഭാഷകന്‍ ഉത്സവ് സിങ് ബയന്‍സ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഗോഗോയിയെ കുടുക്കാന്‍ ശ്രമിച്ചത് കോര്‍പറേറ്റ് സ്ഥാപനമെന്നാണ് അഭിഭാഷകന്റെ സത്യവാങ്മൂലം. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതി കേസില്‍ ചില നടപടികളിലേക്ക് കടന്നത്. വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം, കേസിൽ വിധി പറഞ്ഞില്ല. നാളെ രാവിലെ 10.30ന് വീണ്ടും പരിഗണിക്കും.

കോടതി വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സിബിഐ ജോയിന്‍റ് ഡയറക്ടര്‍, ഐബി ജോയിന്‍റ് ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ കോടതിയിലെത്തി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇവരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ ഉത്സവസിങ് ബൈന്‍സ് സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറി.

ഉത്സവ് ബൈൻസ് പാതി കാര്യങ്ങൾ മാത്രമാണു പറയുന്നതെന്ന് എജി നിരീക്ഷിച്ചു. കുറച്ചു രേഖകൾ കൈമാറുന്നു മറ്റുള്ളവ നൽകുന്നില്ലെന്നും എജി വ്യക്തമാക്കി. എന്നാല്‍ താൻ കോടതിയിൽനിന്ന് ഇറങ്ങിപ്പോകുമെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇറങ്ങിപ്പോകാൻ പോയ അഭിഭാഷകനെ കോടതി തിരികെവിളിച്ചു സമാധാനിപ്പിക്കുകയായിരുന്നു.

കൂടുതല്‍ തെളിവുകളുമായി പുതിയൊരു സത്യവാങ്മൂലം നാളെ സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസ് നാളത്തേക്ക് മാറ്റി വെക്കുകയായിരുന്നു.