ഈ തെരഞ്ഞെടുപ്പ് ഒരു സുവര്‍ണാവസരമാണ് എന്ന തൻ്റെ പ്രസംഗം ശരിയായി: തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നിയമനടപടി: ശ്രീധരൻപിള്ള

single-img
24 April 2019

ഈ തെരഞ്ഞെടുപ്പ് ഒരു സുവര്‍ണാവസരമാണ് എന്ന തന്റെ പ്രസംഗം ശരിയെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള. ലോക്‌സഭ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശം അനുചിതമാണെന്ന് ശ്രീധരന്‍ പിളള പറഞ്ഞു.

താന്‍ വിഡ്ഢിത്തം പറഞ്ഞു നടക്കുന്ന ആളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്. നിയമദൃഷ്ട്യാ വ്യക്തിഹത്യ നടത്തുന്ന കാര്യമാണ് അദ്ദേഹം ചെയ്തത്. പൊതുപ്രവര്‍ത്തകരോട് അദ്ദേഹം ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. പ്രതികാരബുദ്ധിയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.ഇത് വിഷമമുണ്ടാക്കുന്നതാണ്. ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. അതിനാല്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവാണ് മത്സരിക്കാന്‍ വന്നത്. അദ്ദേഹം എല്‍ഡിഎഫിനെ കുറിച്ച് ഒന്നും പറയില്ല എന്നാണ് പറഞ്ഞത്. ഇതിലുടെ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമായതായും ശ്രീധരന്‍പിളള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എക്കാലത്തേയും അപേക്ഷിച്ച് എന്‍ഡിഎയുടെ ജനപിന്തുണ വര്‍ധിച്ചു എന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കാര്‍ യുഡിഎഫിന് വോട്ടു ചെയ്തു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. സിപിഎമ്മും കോ്ണ്‍ഗ്രസും ബിജെപിക്കാര്‍ക്ക് വര്‍ജ്യമാണ്. ത്രികോണമത്സരം നടന്ന ഒട്ടേറ മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്നും പിള്ള പറഞ്ഞു.