രാത്രിയിൽ ആക്സിലേറ്ററിൽ ഭാരമുള്ള എന്തെങ്കിലും വച്ച് ഓടിച്ചുപോകുന്നു; ജീവനക്കാർ അതിർത്തി കഴിഞ്ഞാൽ ലഹരി ഉപയോഗിക്കുന്നവർ : കല്ലട ട്രാവത്സ് ജീവനക്കാരുടെ ക്രൂരതയ്ക്കു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

single-img
24 April 2019

കല്ലട ട്രാവൽസ് ജീവനക്കാർ യാത്രക്കാരെ തല്ലിച്പിചതച്ചതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ രംഗത്തുവരുന്നു. കേരളത്തിന്റെ അതിർത്തി വിട്ടു കഴിഞ്ഞാൽ ലഹരി ഉപയോഗിക്കുന്നവരാണ് സ്വകാര്യ ബസ് ജീവനക്കാരെന്നും വലിയ റോഡ് എത്തിയാൽ  ആക്സിലേറ്ററിൽ ഭാരമുള്ള എന്തെങ്കിലും വച്ച് ഓടിച്ചുപോകുന്നവരുണ്ടെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നു. 

വയ്യാവേലിക്കില്ലെന്നു കരുതി പ്രതികരിക്കാൻ മടിക്കുന്ന യാത്രക്കാരും കൂടിയായപ്പോൾ സ്വകാര്യ ബസുകൾ മാഫിയാ സംഘങ്ങളുടെ രീതിയിലേക്കു മാറി. ചോദ്യം ചെയ്യുന്ന യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ആദ്യ സംഭവമല്ല. ദൃശ്യങ്ങൾ പുറത്തു വരുന്നത് ആദ്യമാണെന്നു മാത്രമാണെന്നും അതുകൊണ്ട് കേസെടുക്കാൻ പൊലീസ് നിർബന്ധിതരായെന്നുമാണ് വിലയിരുത്തൽ. 

സ്വകാര്യ ബസുകൾക്ക് കടന്നു പോകുന്ന സംസ്ഥാനങ്ങളിലൊക്കെ അവർക്ക് സ്വാധീനമുണ്ടെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്താനിറങ്ങിയാൽ അപ്പോൾ വരും മുകളിൽ നിന്നു വിളിവരുമെന്നും പറയുന്നുണ്ട്. വാഹന പെർമിറ്റ് ഉൾപ്പെടെ എല്ലാം ശരിയാണെന്നും പരിശോധിക്കേണ്ടതില്ലെന്നുമാകും സന്ദേശമെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്യുന്നു. 

രാത്രി ദീർഘദൂര സർവീസ് നടത്തുന്ന ഒട്ടേറെ ബസുകളാണ് നിരത്തിലുള്ളത്. മിക്കതിനും റൂട്ട് പെർമിറ്റ് പോലുമില്ല. ഇതിനായി കുറുക്കുവഴിയുണ്ട്. ബസുകൾക്ക് ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എടുക്കും. ഒപ്പം കേരളത്തിൽ ഓടുന്നതിനായി കോൺട്രാക്ട് കാര്യേജ് പെർമിറ്റും. നിശ്ചിത പോയിന്റിൽ നിന്ന് ആളെടുത്ത് നിശ്ചിത പോയിന്റിൽ ഇറക്കാനുള്ള അനുവാദമാണ് സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് അധികൃതർ ഇതിലൂടെ നൽകുന്നത്.

എന്നാൽ വിവിധ സ്റ്റേജുകളിൽ നിന്ന് ആളുകളെ എടുക്കുകയും ഇറക്കുകയും ചെയ്യുകയാണ് ബസുകൾ. മാത്രമല്ല, ഓൺലൈൻ ബുക്കിംഗ് നടത്തുന്ന കമ്പനികളുമായി കരാറുമുണ്ടാക്കും. ഇതിലൂടെ, നേരിട്ട് യാത്രക്കാരുമായി ഇടപെടാതെ കാര്യം നടക്കും. ഇതേ കമ്പനികളുമായി കെ.എസ്.ആർ.ടി.സിയും കരാറുണ്ടാക്കിയെന്നതാണ് മറ്റൊരു കാര്യം. സ്വകാര്യ ബസുകളുടേത് റൂട്ട് സർവീസ് ആണെന്നറിയാൻ അവരുടെ ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ നോക്കിയാൽ മതി. പക്ഷേ, ഒന്നും ചെയ്യില്ല. പലവട്ടം കെ.എസ്.ആർ.ടി.സി പരാതി നൽകിയിട്ടും ഗതഗത വകുപ്പ് അനങ്ങിയില്ലെന്നും ആക്ഷേപമുണ്ട്.  ഉണ്ട് 

അമിതവേഗയിലാണ് ബസുകളെല്ലാം ഓടന്നത്. ഒരു കാമറയും പിടിക്കില്ല! കേരളത്തിന്റെ അതിർത്തി വിട്ടു കഴിഞ്ഞാൽ ലഹരി ഉപയോഗിക്കുന്നവരാണ് ജീവനക്കാർ. ആക്സിലേറ്ററിൽ ഭാരമുള്ള എന്തെങ്കിലും വച്ച് ഓടിച്ചുപോകുന്നവരുമുണ്ട്. ബസ് അവർക്കിഷ്ടമുള്ള ഹോട്ടലിനു മുന്നിൽ നിറുത്തും. അവിടെ ഈടാക്കുന്നത് അമിതനിരക്കായിരിക്കും. അതു ചോദ്യം ചെയ്താലും ജീവനക്കാർക്ക് ഇഷ്ടപ്പെടില്ല. കാരണം മറ്റൊന്നുമല്ല ഹോട്ടലുകാരൻ ആളെണ്ണം നോക്കിയാണ് കമ്മിഷൻ കൊടുക്കുന്നത്.

ദീർഘദൂര സർവീസ് നടത്തുന്ന കമ്പനികൾക്ക് ഒരേ നമ്പരിലുള്ള ഒന്നിലധികം ബസുകളുള്ളതായി നേരത്തേ പരാതിയുണ്ടായിരുന്നു. ഒരു പെർമിറ്റ് ഉപയോഗിച്ച് ഒന്നിലധികം ബസ് ഓടിച്ചുള്ള തട്ടിപ്പാണിത്. അന്വേഷണം ഉണ്ടായതേ ഇല്ല. അതിർത്തിയിൽ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരുടെ ബാഗുകൾ ഉദ്യോഗസ്ഥർ അരിച്ചുപെറുക്കി പരിശോധിക്കുമ്പോൾ സ്വകാര്യബസുകളിൽ കയറാറേയില്ല. കള്ളക്കടത്തിന് ഇത് സൗകര്യം നൽകുന്നു. കുഴൽപ്പണക്കാരും സ്വകാര്യബസ് ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് അതിർത്തി കടന്നെത്തുന്ന വഴികളിലൊന്ന് സ്വകാര്യബസുകളാണ്. കനമുള്ള മാസപ്പടി കിട്ടുമ്പോൾ പിന്നെങ്ങനെ ഇതൊക്കെ പിടിക്കുമെന്നുള്ള ചോദ്യമാണ് ഉയരുന്നത്. 

യാത്രക്കാരെ ജീവനക്കാർ തല്ലിച്ചതച്ച സ്വകാര്യ ബസിനെ ട്രോളന്മാർ ‘കൊല്ലട’ എന്നാണ് വിളിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടി പണം വാരുന്നത് എപ്പോഴും സ്വകാര്യബസുകളാണെന്നും  കെഎസ്ആർടിസിയെ ഒതുക്കി സ്വകാര്യന്മാർക്ക് സൗകര്യം ചെയ്തു നൽകുന്നത് സർക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.