വോട്ടിംഗ് മെഷീനിൽ 43 വോട്ടുകൾ അധികം; കളമശ്ശേരിയിൽ റീപോളിംഗ് നടത്താൻ തീരുമാനം

single-img
24 April 2019

എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റ തീരുമാനം. വോട്ടുകളില്‍ വ്യത്യാസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ തീരുമാനമെടുത്തിരിക്കുന്നത്. യഥാര്‍ത്ഥ വോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ അധികം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളമശേരിയിലെ 83-ാം ബൂത്തിൽ റീപോളിംഗ് നടക്കുന്നത്.

തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. മോക് പോളിങിലെ വോട്ടുകള്‍ മാറ്റാതെ വോട്ടെടുപ്പ് ആരംഭിച്ചതാണ് അധിക വോട്ടുകള്‍ക്ക് കാരണമെന്നും ടിക്കാറാം മീണ അറിയിച്ചു. ഇവിടത്തെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടെന്ന് പറഞ്ഞ വോട്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതിനോട്് വ്യക്തിപരമായി താന്‍ യോജിക്കുന്നില്ല. നിലവിലെ നടപടിക്രമങ്ങള്‍ പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും തനിക്കെതിരായ വിമര്‍ശനങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊളളുന്നുവെന്നും അദ്ദേഹം പറഞ്ഞു.