മമത എല്ലാവർഷവും കുർത്തയും മധുരപലഹാരങ്ങളും അയച്ചുതരാറുണ്ടെന്ന് നരേന്ദ്ര മോദി

single-img
24 April 2019

രാഷ്ട്രീയത്തിൽ ശത്രുപക്ഷത്താണെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി മികച്ച ബന്ധമാണുള്ളതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങള്‍ പറയുന്നത്.

‘എല്ലാ ശത്രുതയും മറന്ന് ‘ദീദി’ എനിക്ക് വർഷം തോറും കുർത്തകൾ അയയ്ക്കാറുണ്ട്. ബംഗാളി മധുരപലഹാരങ്ങളോടു പ്രത്യേക ഇഷ്ടമുണ്ടെന്നു അറിയാവുന്നതുകൊണ്ട് അവർ പ്രത്യേകം മധുരപലഹാരങ്ങളും അയയ്ക്കാറുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ധാക്കയിൽനിന്ന് ബംഗാളി മധുരപലഹാരങ്ങൾ അയയ്ക്കാറുണ്ടെന്ന് അറിഞ്ഞതിനുശേഷമാണ് മമത അയച്ചുതുടങ്ങിയത്’ – രാഷ്ട്രീയം ഒഴികെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള അഭിമുഖത്തിൽ മോദി പറഞ്ഞു.

മമത ബാനര്‍ജിയുമായും ഗുലാം നബി ആസാദുമായും നല്ല ബന്ധമാണുള്ളത്. ഗുലാം നബി ആസാദുമായി ഒരിക്കൽ പാർലമെന്റിൽ വച്ച് ദീർഘനേരം സംസാരിച്ചിരുന്നുവെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. അന്നു അദ്ഭുതസ്തബ്ധരായ പലരും ഈ സഹവർത്തിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചിരുന്നു. ആസാദ് അതിനു നല്ലൊരു മറുപടി നൽകുകയും ചെയ്തു. ‘നിങ്ങൾ മനസ്സിലാക്കുന്നത് ശരിയല്ല, ഞങ്ങൾ ഒരു കുടുംബം പോലെയാണ്’ – മോദി പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ലെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ചായിരുന്നു അഭിമുഖം.