എനിക്ക് താമരയ്ക്ക് വോട്ടു കൊടുക്കേണ്ട; കോണ്‍ഗ്രസിനാണ് വോട്ടുകൊടുക്കേണ്ടത്; റീ പോളിങ് വേണം: യുവതി

single-img
23 April 2019

കോവളത്ത് ചൊവ്വരയിലെ വോട്ടിങ്ങ് യന്ത്രത്തില്‍ ഗുരുതര ക്രമക്കേടെന്ന് പരാതി. കൈപ്പത്തിക്ക് വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമരയുടെ ലൈറ്റ് തെളിയുന്നതായാണ് വോട്ട് രേഖപ്പെടുത്തിയവര്‍ പരാതി ഉന്നയിച്ചത്. കോവളത്ത് 151ാം നമ്പര്‍ ബൂത്തിനെക്കുറിച്ചാണ് പരാതി ഉണ്ടായത്. കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തി വെച്ച് വേറെ യന്ത്രം കൊണ്ടുവന്ന് വോട്ടെടുപ്പ് പുനരാരംഭിച്ചു.

അതേസമയം, വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബി.ജെ.പിക്കാണ് പോയതെന്നും അത് താന്‍ വ്യക്തമായി കണ്ടതാണെന്നും കോവളം ചൊവ്വര 151 ാം ബൂത്തിലെ വോട്ടറായ യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.

‘ഞാന്‍ രാവിലെ വോട്ട് ചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന് വോട്ടിടാനാണ് പോയത്. അതില്‍ ഒരുപാട് സമയം പ്രസ് ചെയ്തിട്ടും ബട്ടണ്‍ വര്‍ക്കായില്ല. ഇക്കാര്യം അവിടെ നിന്ന മാഡത്തിനോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന് അത് പ്രസ് ചെയ്തപ്പോള്‍ ആ വോട്ട് നേരെ താമരയ്ക്കാണ് പോയത്.

എനിക്ക് റീ വോട്ടിങ് വേണം. എനിക്ക് കോണ്‍ഗ്രസിന് വോട്ട് കൊടുക്കണം വേറൊന്നും വേണ്ട. വി.വി. പാറ്റിലും മെഷീനിലും താമരയാണ് വന്നത്. വി.വി. പാറ്റ് രസീത് വ്യക്തമായി കണ്ടു. അവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പോയ്ക്കാളാനായിരുന്നു പറഞ്ഞത്. അപ്പോള്‍ തന്നെ പുറത്ത് വന്ന് എന്റെ ഭര്‍ത്താവിനടുത്ത് പരാതി പറഞ്ഞു. ഭര്‍ത്താവ് മറ്റുള്ളവരോടും കാര്യം പറയുകയായിരുന്നു.