മൂപ്പന് പോലും രാഹുല്‍ ഗാന്ധി ആരെന്നറിയില്ല; ഇത് രാഹുൽ മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ നിലമ്പൂര്‍ ഉള്‍വനത്തിലെ നെടുങ്കയം ആദിവാസി കോളനിയിൽ നിന്നുള്ള വാക്കുകൾ

single-img
23 April 2019

തെരഞ്ഞെടുപ്പിൽ ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് പോലും അറിയാത്ത ജനങ്ങൾ നമ്മുടെ കേരളത്തിൽ ഇല്ല എന്നാകും ആരും കരുതുക. എന്നാൽ അങ്ങിനെയും ഉണ്ട് എന്നതാണ് വാസ്തവം. അതും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍. സംഭവം സത്യമാണ്, വയനാട് നിയോജകമണ്ഡലത്തിലുള്‍പ്പെട്ട നിലമ്പൂര്‍ ഉള്‍വനത്തിലെ നെടുങ്കയം ആദിവാസി കോളനിയിലെ ബൂത്തിലെത്തുന്നവര്‍ക്ക് രാഹുല്‍ ഗാന്ധി ആരാണ് എന്ന് പോലും അറിയില്ല.

മണ്ഡലത്തിലെ നെടുങ്കയം, മാഞ്ചീരി, മുണ്ടക്കടവ് ആദിവാസി കോളനികളില്‍ നിന്നുള്ള 467 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. മറ്റ് ആദിവാസി വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി പുറംലോകവുമായി ബന്ധപ്പെടാൻ മടിക്കുന്ന ചോലനായ്ക്കര്‍ വിഭാഗത്തിലുള്ളവരാണ് കൂടുതലും. തെരഞ്ഞെടുപ്പുകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനവുമായി കോളനിയിലെത്തി ആളുകളെ ബൂത്തിലേക്ക് എത്തിക്കുകയാണ് ഇവിടെ പതിവ്.

ഇത്തവണ മാഞ്ചീരി കോളനിയിലെ മൂപ്പൻ കരിയന്‍റെ നേതൃത്വത്തിലാണ് ഒരു കൂട്ടം വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തിയത്. എന്നാൽ മൂപ്പന് പോലും രാഹുല്‍ ഗാന്ധി ആരാണ് എന്ന് അറിയില്ല. കോളനിയിൽ നിന്നും എത്തിയ മറ്റൊരു വോട്ടറായ കുങ്കന്‍റെ അവസ്ഥയും ഇത് തന്നെയാണ്.

നിലമ്പൂരില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയുളള മാഞ്ചീരി ഉള്‍പ്പെടെയുള്ള ആദിവാസി കോളനികളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്താറില്ല. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധി അല്ല ആരാണെങ്കിലും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇവർ അറിയാറുമില്ല. വോട്ടു ചെയ്യാനായി കോളനികളില്‍ നിന്ന് വന്നവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് നെടുങ്കയംകാര്‍ യാത്രയാക്കിയത്.