കല്ലട ബസില്‍ നടത്തുന്നത് കള്ളക്കടത്ത്; തെളിവുകളുമായി ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ യുവാവിന്റെ വെളിപ്പെടുത്തല്‍

single-img
23 April 2019

തിരുവനന്തപുരം: കേരളത്തില്‍ നിന്നും അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ട്രാവൽസ് സ്വകാര്യ ബസില്‍ കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യുവാവ്. ബാംഗ്ലൂരില്‍ പഠിക്കുന്ന യുവാവാണ് ഇതിനുള്ള തെളിവുകളും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

ഒരിക്കല്‍ താന്‍ ഈ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ബസ്സ് അപ്രതീക്ഷിതമായി ബസ് ഒരു സ്ഥലത്ത് നിർത്തുകയും ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറയുന്നു. ഈ സമയത്തിനിടയില്‍ ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തി.

വഴിയില്‍ വലിയ പാക്കറ്റുകള്‍ ഇറക്കുന്നത് താന്‍ കണ്ടതായും യുവാവ് പറയുന്നു. തികച്ചും മോശപ്പെട്ട സഹകരണമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായതെന്ന് വ്യക്തമാക്കിയ യുവാവ്, ബസ് ജീവനക്കാര്‍ ഇതിന്‍റെ മറവില്‍ കള്ളക്കടത്ത് നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നതായും വ്യക്തമാക്കി.

‘യാത്രയ്ക്കിടയില്‍ വണ്ടി നിര്‍ത്തിയിട്ടാല്‍, സ്ഥലമെവിടെയാണെന്നുപോലും പറയാനിവര്‍ കൂട്ടാക്കാറില്ല. രാത്രിയാത്രകളിൽ സ്ഥലം മനസ്സിലാകാതെയിരിക്കുന്ന യാത്രക്കാര്‍ അതിനെക്കുറിച്ച് ചോദിച്ചാല്‍ തെറിവിളിക്കും’ യുവാവ് പറയുന്നു. ബസിലെ ജീവനക്കാർ മദ്യപിച്ചാണ് കൂടുതൽ സമയവും ജോലി ചെയ്യാറുള്ളതെന്നും ഇവരുടെ ഗുണ്ടായിസം ഭയന്ന് ആരും ഇതിനെ ചോദ്യം ചെയ്യാറില്ലെന്നും യുവാവ് പറയുന്നു.