ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ കരുതിയിരിക്കുക; ഇന്ത്യ -പാക് ക്ലാസിക് പോരാട്ടത്തില്‍ ജയം പാകിസ്താനെന്ന് നായകന്‍ സര്‍ഫ്രാസ്

single-img
23 April 2019

കറാച്ചി: അടുത്തമാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിന് മുൻപുള്ള ഫൈനലെന്നാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം വിഷേഷിപ്പിക്കപ്പെടുന്നത്. ജൂണ്‍ മാസം 16ന് മാഞ്ച്‌സറ്ററിലാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ആവേശപ്പോരാട്ടം.

ഈ ലോകകപ്പില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഈ പോരാട്ടത്തിനാണെന്ന് സംഘാടക സമിതി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ടൂർണമെന്റിൽ ഫൈനലിനേക്കാള്‍ കൂടുതല്‍ പേരാണ് ഈ ക്ലാസിക്കിനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അഭിപ്രായപ്പെട്ടു.

ഇന്ത്യക്കെതിരെ പാകിസ്താന് കളിയില്‍ നേരിയ മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം പറയുന്നു. സമീപ കാലത്തിൽ ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ഈ ജയം ലോകകപ്പില്‍ തങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുമെന്നും പാക് നായകന്‍ വിശദമാക്കി. രണ്ടു വര്ഷം മുൻപ് ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍ ജേതക്കളായതിനെക്കുറിച്ചാണ് സര്‍ഫ്രാസ് പരാമര്‍ശിച്ചത്.

അന്നത്തെ ഫൈനലില്‍ 180 റണ്‍സിന്റെ വമ്പന്‍ ജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. പാകിസ്താൻ ഇക്കുറി വളരെയധികം ആത്മവിശ്വാസത്തോടെയാണ് ലോകകപ്പിനു തയ്യാറെടുക്കുന്നത്. ടൂര്‍ണമെന്റിൽ സെമി ഫൈനലിലെത്തുകയാണ് ടീമിന്റെ ആദ്യ ലക്ഷ്യം. അംഗങ്ങൾ മുഴുവന്‍ കഴിവും പുറത്തെടുത്താല്‍ മാത്രമേ മല്‍സരഫലങ്ങള്‍ തങ്ങള്‍ക്കു അനുകൂലമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.