ഖേദപ്രകടനം തുണയായില്ല; രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

single-img
23 April 2019

റഫാല്‍ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന പരാതിയില്‍ നടത്തിയ ഖേദപ്രകടനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു തുണയായില്ല. ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി രാഹുലിന് നോട്ടീസ് നല്‍കി. കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാനുള്ള കാരണം അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

കോടതിയലക്ഷ്യ ഹര്‍ജിയും റഫാല്‍പുനഃപരിശോധനാ ഹര്‍ജിയും ഏപ്രില്‍ 30ന് കോടതി പരിഗണിക്കും. തന്റെ മറുപടി അംഗീകരിച്ചു ഹര്‍ജി തള്ളണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ നില്‍ക്കെ, കോടതിയുത്തരവ് വായിക്കുംമുമ്പ് മാധ്യമ റിപ്പോര്‍ട്ടുകളെ ആസ്പദമാക്കിയായിരുന്നു തന്റെ പരാമര്‍ശം. അതിനെ രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗം ചെയ്തുവെന്ന് രാഹുല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു

കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഷ്ട്രീയമുദ്രാവാക്യത്തിന്റെ കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കാവല്‍ക്കാരന്‍ കള്ളനാണെന്ന തന്റെ രാഷ്ട്രീയമുദ്രാവാക്യം മുറുകെപ്പിടിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളെ കോടതിയുത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതില്‍ വിമര്‍ശിച്ചുമാണ് സത്യവാങ്മൂലം.