മലയാളികൾ ഉണർന്നു; കല്ലട ട്രാവൽസ് ബുക്കിംഗിൽ വൻകുറവ്: ബുക്ക് ചെയ്തവർ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നു

single-img
23 April 2019

യാത്രക്കാരെ അകാരണമായി തല്ലിച്ചതച്ച കല്ലട ബസ് ജീവനക്കാർക്കെതിരെ  പ്രതിഷേധം ശക്തമാകുന്നു. കല്ലട ട്രാവൽസിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധ ക്യാമ്പയിൻ ആരംഭിച്ചതിൻ്റെ ഫലമായി ബസ് ബുക്കിംഗ് വൻകുറവുണ്ടായതായി സൂചന.  ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് തിരിച്ചും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ ഒരു ഭാഗവും ടിക്കറ്റ് ക്യാൻസൽ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

വർഷങ്ങളായി യാത്രക്കാർക്ക് നേരെയുള്ള കല്ലട ബസ് ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമാണെന്ന് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.  എന്നാൽ കൃത്യമായ രീതിയിൽ ഇതിനെതിരെ ആരും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസത്തെ സംഭവം വൻ വിവാദമായതോടെ സമാന അനുഭവമുണ്ടായ പലരും രംഗത്തെത്തുകയായിരുന്നു.  ഇതിൻ്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ വൻ ക്യാമ്പയിനാണ് കല്ലട ട്രാവൽസിനെതിരെ നടക്കുന്നത്.

ഇതര സംസ്ഥാന യാത്രകൾക്ക് കല്ലട ട്രാവൽസ് ഒഴിവാക്കി പകരം കെഎസ്ആർടിസിയോ  ട്രെയിൻ ഉപയോഗിക്കുവാനാണ് സോഷ്യൽ മീഡിയയിൽ ആഹ്വാനം. അതിൻ്റെ ഭാഗമായി തന്നെ കല്ലട ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്ത പല യാത്രക്കാരും അത് ക്യാൻസൽ ചെയ്തു കഴിഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നമുണ്ടാകുമ്പോൾ ഒത്തുചേരുന്ന മലയാളി മനോഭാവം ഇവിടെയും പ്രാവർത്തികമായിരിക്കുകയാണ്.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസ് ഹരിപ്പാട് വെച്ച് കേടാവുകയും തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.