കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്നും കരകയറ്റാം; കല്ലട പോലെ നിയമം പാലിക്കാത്ത ഗുണ്ടായിസ സർവ്വീസുകളെ അടച്ചുപൂട്ടി കെഎസ്ആർടിസി ബസുകൾ മാന്യമായി ഓടിച്ചാൽ മാത്രം മതി

single-img
23 April 2019

നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ മികച്ച ഒരു പദ്ധതിയുമായി മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ. കെഎസ്ആർടിസി എന്ന വെള്ളാന കോർപ്പറേഷനെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ  ഇതുപോലുള്ള കുറച്ച് ദീർഘദൂര ബസ്സ് സർവ്വീസുകൾ മാത്രം മതിയാകുമെന്ന് അദ്ദേഹം പറയുന്നു. ഇതിൽ നിന്നുള്ള ലാഭം കൊണ്ട് നഷ്ടത്തിലോടുന്ന റൂട്ടുകളും മുടക്കമില്ലാതെ ഭംഗിയായി ഓടിക്കാൻ തുടങ്ങിയാൽ അതിൽ നിന്നും നല്ല വരുമാനം വരാൻ തുടങ്ങുമെന്നും മനോജ് ചൂണ്ടിക്കാണിക്കുന്നു.

കല്ലട ബസ്സുകൾ ബഹിഷ്കരിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ സജീവമായി ഉയരുന്ന പശ്ചാത്തലത്തിലാണ് മനോജിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയാകർഷിക്കുന്നത്. കല്ലട ബസ്സുകളിൽ കയറില്ലാന്ന് മലയാളികൾ തീരുമാനിച്ചാൽഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും  അത്രയും സീറ്റിലിരിക്കാൻ അവസാന മിനിട്ടിൽ വേറെ മലയാളികൾ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കല്ലടക്കാർ അത് ഇരട്ടിക്കാശിന് വിറ്റ് കീശ വീർപ്പിക്കുകയും ചെയ്യും.

പിന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുന്നത് ഇപ്പോൾ നടപടിയെടുത്തിരിക്കുന്ന സർക്കാറിനാണ്. കല്ലട പോലുള്ള ബസ്സ് സർവ്വീസുകൾ സത്യത്തിൽ നിയമവിധേയമായി നടക്കുന്നതല്ല. ഒരിടത്ത് നിന്ന് ആളെ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോകാമെന്നല്ലാതെ വഴി നീളെ ബസ്സ് നിർത്തി ആളെ കയറ്റാനുള്ള പെർമിറ്റ് അവർക്കില്ല. പക്ഷേ, ഇവിടെ നിയമം പാലിക്കപ്പെടുന്നില്ല. ആയതിനാൽ, സർക്കാർ വിചാരിച്ചാൽ ഇത്തരം ഉടായിപ്പ്/ഗുണ്ടായിസം സർവ്വീസുകളൊക്കെ അടച്ചുപൂട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടതിന് പകരം ഇതിനേക്കാൾ രണ്ട് ആക്സിൽ കൂടുതലുള്ള ബസ്സുകൾ, ഇതേ റൂട്ടുകളിൽ സർക്കാർ വകയായി ഓടിക്കണമെന്ന് അദ്ദേഹം പറയുന്നു.

പക്ഷെ കല്ലടയെപ്പോലുള്ള സ്വകാര്യ ഗ്രൂപ്പുകളെ സഹായിക്കാൻ വേണ്ടി കെ എസ് ആർ ടി സിയുടെ വണ്ടികൾ ബോധപൂർവ്വം കട്ടപ്പുറത്ത് കയറ്റുന്ന നിലപാട് സ്വീകരിക്കുന്ന കള്ളന്മാർ കപ്പലിൽത്തന്നെ ഉള്ളിടത്തോളം കാലം, ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും പോകുന്ന മലയാളി ചെറുപ്പക്കാർ ഇനിയും ഇതുപോലെ ഇടികൊണ്ട് ചളുങ്ങുമെന്നും മൂക്കിൽ നിന്ന് ചോരയൊലിപ്പിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എന്നത്തേയും പോലെ, മൂന്നാല് ദിവസത്തെ മാദ്ധ്യമശ്രദ്ധ ചത്തൊടുങ്ങുമ്പോൾ ഇതേ വണ്ടികളിൽ ഇതേ ഗുണ്ടാ ഡ്രൈവർമാരും ഗുണ്ടാ കണ്ടൿടർമാരും ഗുണ്ടാ കിളികളും ഗുണ്ടാ സഹായികളും ഇതേ നിരത്തിലൂടെ പായും. കല്ലട സുരേഷുമാർ വീണ്ടും പഴയപടി പണം വാരും. കല്ലടകൾ ‘കൊല്ലട‘കളായി വിലസുമെന്നും മനോജ് ചൂണ്ടിക്കാണിക്കുന്നു.

ഏതൊരു പ്രശ്നത്തിനും അറുതി വരണമെങ്കിൽ നിയമം അതേപടി നടപ്പിലാക്കപ്പെടണം. തെമ്മാടിത്തരം ചെയ്താൽ, നല്ല ശിക്ഷ കിട്ടുമെന്ന ഭയം ഏത് കൊലകൊമ്പനും ഉണ്ടാകണം. തെറ്റ് ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുപോരാനും അവർക്ക് വേണ്ടി ശുപാർശ ചെയ്യാനും ഒരു പാർട്ടിക്കാരനുമുണ്ടാകരുത്. ഇതൊന്നും നടക്കാത്ത ഒരു രാജ്യത്ത് ഇമ്മാതിരി സംഭവങ്ങൾ ഇനിയും ആവർത്തിച്ചുകൊണ്ടേയിരിക്കുമെന്നും  മനോജ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കല്ലട ബസ്സുകളിൽ കയറില്ലാന്ന് മലയാളികൾ തീരുമാനിച്ചാൽ….. തീരുമാനിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത്രേം…

Posted by Manoj Ravindran Niraksharan on Monday, April 22, 2019