കല്ലടയ്ക്ക് കുരുക്ക് മുറുകി

single-img
23 April 2019

സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തില്‍ കമ്പനിയുടെ അഞ്ചു ജീവനക്കാര്‍ കൂടി അറസ്റ്റില്‍. ഇതോടെ യാത്രക്കാരെ മര്‍ദിച്ച കേസില്‍ കല്ലടയുടെ ഏഴു ജീവനക്കാരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ വധശ്രമം അടക്കം ഗൗരവമുള്ള കുറ്റങ്ങള്‍ പൊലീസ് ചുമത്തി.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നുള്ള വിഷ്ണു, കരുനാഗപ്പള്ളിക്കാരന്‍ രാജേഷ്, കൊല്ലം മണ്‍ട്രോതുരുത്തില്‍ നിന്നുള്ള ഗിരിലാല്‍, കോയമ്പത്തൂര്‍കാരന്‍ കുമാര്‍, കാരയ്ക്കല്‍ നിന്നുള്ള അന്‍വര്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. തൃശൂര്‍ കൊടകരയില്‍ നിന്നുള്ള ജിതിന്‍, ആറ്റിങ്ങല്‍കാരന്‍ ജയേഷ് എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഒടുവില്‍ അറസ്റ്റിലായവരെ എല്ലാവരെയും പൊലീസ് പിടികൂടിയത് കഴിഞ്ഞ രാത്രി ബസിലെ ഡ്യൂട്ടിക്കിടെയാണ്.

അക്രമത്തെ തള്ളിപ്പറഞ്ഞും, യാത്രക്കാരെ മര്‍ദിച്ചവരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് അറിയിച്ചും സുരേഷ് കല്ലട കമ്പനി ഇന്നലെ പുറത്തിറക്കിയ വിശദീകരണത്തിലെ പൊള്ളത്തരവും ഇങ്ങനെ പുറത്താകുന്നുണ്ട്. അതിനിടെ പുതിയ വിശദീകരണവുമായി കല്ലട വീണ്ടും രംഗത്തെത്തി. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട് യാത്രക്കാരാണ് ആദ്യം മര്‍ദിച്ചതെന്ന് ആരോപിച്ച് ജീവനക്കാരന്റെ പ്രതികരണവും ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുകയാണ് കമ്പനി.

എന്നാല്‍ ശനിയാഴ്ച അര്‍ധരാത്രി കരുവാറ്റയില്‍ ബസ് തകരാറിലായി മൂന്നുമണിക്കൂറോളം പെരുവഴിയിലായിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താതെ വന്നപ്പോഴാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത് എന്ന വസ്തുത മറച്ചുവച്ചാണ് കമ്പനിയുടെ വിശദീകരണമെല്ലാം. ഒടുവില്‍ പൊലീസും ഇടപെട്ട ശേഷമാണ് പുതിയ ബസ് എത്തിക്കാന്‍ കമ്പനി തയ്യാറായത്. ഈ യാത്ര കൊച്ചിയില്‍ എത്തിയപ്പോഴാണ് നേരത്തെ പ്രതിഷേധിച്ച യാത്രക്കാരെ ജീവനക്കാര്‍ സംഘംചേര്‍ന്ന് ആക്രമിച്ചത്.

തിരുവനന്തപുരം സ്വദേശി അജയഘോഷ്, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. മൂന്നു പേരടങ്ങുന്ന സംഘം ബസിലേക്കു കയറി ഇവരെ മര്‍ദിക്കുകയായിരുന്നു. ബസില്‍ നിന്ന് ഇറക്കിവിട്ട ഇവരെ കരിങ്കല്ലിനു മുതുകില്‍ ഇടിക്കുകയും കല്ലെറിയുകയും ചെയ്തു.