വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറിൽ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല; തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ചെന്നിത്തല

single-img
23 April 2019

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ബൂത്തുകളിൽ ക്രമീകരിച്ച വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്ന് പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിപ്പെടുന്നവർ സാങ്കേതികപ്രശ്നവും തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലെ പട്ടത്ത് വോട്ട് മാറിപ്പോകുന്നതായി പരാതി ഉയർന്നിരുന്നു. ഇവിടെ ഏത് ചിഹ്നത്തിൽ കുത്തിയാലും വോട്ട് താമരക്കെന്ന് തെളിയുന്നു എന്നായിരുന്നു പരാതി.

മോക്ക് ടെസ്റ്റ് വോട്ട് നടന്നപ്പോൾ പരാതി തെറ്റെന്ന് തെളിയുകയും പരാതി ഉന്നയിച്ച എബിൻ എന്ന വോട്ടർക്ക് എതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. മെഷീനിൽ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു.