ബംഗാളില്‍ സുരക്ഷാ ചുമതലയിലെ കേന്ദ്ര സേനാ ഉദ്യോഗസ്ഥര്‍ മോദിക്ക് വോട്ടു ചെയ്യണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെട്ടു; ആരോപണവുമായി മമതാ ബാനര്‍ജി

single-img
23 April 2019

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മല്‍ദഹ ദക്ഷിണ്‍, ബാലുര്‍ഘട്ട് മണ്ഡലങ്ങളില്‍ സുരക്ഷയ്ക്കായി വിന്യസിച്ച കേന്ദ്ര സേനയിലെ ഉദ്യോഗസ്ഥര്‍ മോദിക്ക് വോട്ടു ചെയ്യണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെട്ടതായി മമതാ ബാനര്‍ജി. ഇത്തരത്തിൽ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ കേന്ദ്ര സേനയ്ക്ക് അധികാരമില്ലെന്നും, സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു.

‘തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുള്ള കേന്ദ്ര സേന വോട്ടര്‍മാരോട് ബിജെപിയ്ക്ക് വോട്ടു ചെയ്യാനാവശ്യപ്പെടുന്നതായി എനിക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് അങ്ങിനെ ചെയ്യാനുള്ള അവകാശമില്ല. ഈ സംഭവത്തില്‍ ഞങ്ങളുടെ കാഴ്ചപ്പാട് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. എന്തിനാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. സംസ്ഥാന പോലീസിന് പോളിങ്ങ് ബൂത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ല’- മമത പറഞ്ഞു.

കഴിഞ്ഞ പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഇത് ചെയ്തിരുന്നെന്നും, താന്‍ അത് മറന്നിട്ടില്ലെന്നും മമത പറഞ്ഞു. ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു വോട്ടര്‍ കുത്തേറ്റു മരിച്ചിരുന്നു.