തന്നോടും ഭരത് ചന്ദ്രന്‍ ഐപിഎസിനോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് സുരേഷ് ഗോപി

single-img
22 April 2019

നിഷ്പക്ഷ വോട്ടുകളിലാണ് തന്റെ പ്രതീക്ഷയെന്നു തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കുറച്ച് സമയം മാത്രമാണ് പ്രചാരണത്തിന് ലഭിച്ചതെങ്കിലും തൃശൂരുകാരുടെ ഇഷ്ടം മനസിലാക്കാന്‍ സാധിച്ചു. ആ ഇഷ്ടം വീര്‍പ്പുമുട്ടിക്കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ പോലും കൈവിട്ടവര്‍ക്ക് ചെയ്യാന്‍ സാധിച്ച സഹായങ്ങള്‍ വോട്ടര്‍മാരുടെ മനസുകളെ തൊട്ടുണര്‍ത്തിയിട്ടുണ്ട്. അത് വോട്ടാവുമെന്ന് ഉറപ്പാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്നോടും ഭരത് ചന്ദ്രന്‍ ഐപിഎസിനോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, തൃശൂരിലെ കലാശക്കൊട്ട് സിനിമാ സ്‌റ്റൈലായിരുന്നു. കോര്‍പറേഷന്‍ പരിസരത്തായിരുന്നു എല്‍.ഡി.എഫിന്റേയും എന്‍.ഡി.എയുടേയും കലാശക്കൊട്ട്. ഇരുകൂട്ടരും പരമാവധി ആളെക്കൂട്ടി. പ്രചാരണം തീരാന്‍ ഇരുപതു മിനിറ്റു ബാക്കി നില്‍ക്കെ സുരേഷ് ഗോപി എത്തി. ചെണ്ട മേളം കൊടുമ്പിരി കൊണ്ടതോടെ സുരേഷ് ഗോപി ഡാന്‍സ് തുടങ്ങി.

എല്‍.ഡി.എഫ് പ്രവര്‍ത്തകരുണ്ടോ വിടുന്നു. അവരും പൊരിഞ്ഞ ഡാന്‍സ്. ഇതിനിടെ, ബി.ജെ.പി പ്രവര്‍ത്തകര്‍ കമ്മിഷണര്‍ സിനിമയിലെ ആക്ഷന്‍ ആവശ്യപ്പെട്ടു. വിരലുയര്‍ത്തി വായുവിലേക്ക് സുരേഷ് ഗോപിയുടെ ‘ഷിറ്റ്’. ഇതുകണ്ടതോടെ, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തിരിച്ചും കൊടുത്തു ‘ഷിറ്റ്’.

ഫലത്തില്‍ കലാശക്കൊട്ട് ഷിറ്റടി മല്‍സരമായി. പലതവണ ബി.ജെ.പി പ്രവര്‍ത്തകരോടും സുരേഷ് ഗോപിയോടും പലവിധ ആംഗ്യം കാട്ടി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. സുരേഷ് ഗോപിയാകട്ടെ തിരിച്ചും സിനിമാ സ്‌റ്റൈലില്‍ മറുപടി കൊടുത്തു.