കൊളംബോ മുൾമുനയിൽ; പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് കണ്ടെത്തിയ പൈപ്പ് ബോംബ് നിർവീര്യമാക്കി

single-img
22 April 2019

ശ്രീലങ്കയിൽ 215 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെ കൊളംബോയിലെ പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് പൈപ്പ് ബോംബ് കണ്ടെത്തി.  ശ്രീലങ്കന്‍ വ്യോമസേന ഇത് നിര്‍വീര്യമാക്കിയെന്നും പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെത്തിയതെന്നും പ്രധാന ടെര്‍മിനലിലേക്കുള്ള വഴിയിലാണ് ബോംബ് കിടന്നിരുന്നതെന്നും വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ ആകെ മുപ്പത്തഞ്ച് വിദേശികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

ഈസ്റ്റര്‍ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 215 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട്. കാസര്‍കോട് സ്വദേശിനിയായ റസീന, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്.

കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി,കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി, കൊളംബോയിലെ ആഡംഹര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ് ബെറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകോടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.