ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

single-img
22 April 2019

ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപനം നടത്തിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും.

അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ജിഹാദി സംഘമെന്ന് ശ്രീലങ്ക സ്ഥീകരിച്ചു. സ്‌ഫോടനം നടത്തിയത് നാഷണല്‍ തൗഫീത്ത് ജമാത്ത് എന്ന സംഘടനയാണ്. ചാവേറുകളായത് നാട്ടുകാരണ്, മൂന്നുതവണ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും, സുരക്ഷാ വീഴ്ചയ്ക്ക് ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി രജിത സെനരത്‌നെ പറഞ്ഞു.

അന്താരാഷ്ട്ര ഇന്റലിജന്റ്‌സ് ഏജന്‍സി രാജ്യത്തെ ക്രിസ്ത്യന്‍ പള്ളികളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമിക്കാന്‍ സാധ്യതയുള്ള സംഘടനകളുടെ പേര് സഹിതം ഐജിപിക്ക് ഏപ്രില്‍ ഒമ്പതിന് നല്‍കിയെന്നും സേനാരത്‌നെ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിനോടും പരിക്കേറ്റവരോടും നഷ്ടം സംഭവിച്ചവരോടും ക്ഷമ ചോദിക്കുന്നു. ഈ സാഹചര്യം മറികടക്കാനും രാജ്യത്തെ തീവ്രവാദം ഇല്ലാതാക്കാനും നടപടി സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് 24 പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് സൂചന.

ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 290 പേര്‍ കൊല്ലപ്പെട്ടു. 500ലേറെപ്പേര്‍ക്കാണ് വിവിധ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റത്. ഇവരില്‍ പലരുടെയും നില അതിഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. നേരത്തെ, മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കുറ്റപ്പെടുത്തിയിരുന്നു.