ചൗക്കീദാർ ചോർഹേ: രാഹുൽഗാന്ധി സുപ്രീംകോടതിയിൽ ഖേദം പ്രകടിപ്പിച്ചു

single-img
22 April 2019

കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സുപ്രിംകോടതിയില്‍ ഖേദം പ്രകടിപ്പിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനക്കെതിരെയുള്ള കോടതി അലക്ഷ്യ കേസിലാണ് ഖേദം പ്രകടിപ്പിച്ചത്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഖേദം അറിയിച്ചത്.

പ്രചാരണ ചൂടില്‍ നടത്തിയ പ്രസ്താവന എതിരാളികള്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും രാഹുല്‍ കോടതിയെ അറിയിക്കുകയായിരുന്നു. റഫാല്‍ ഇടപാടില്‍ ചോര്‍ന്ന രേഖകളും ഉള്‍പ്പെടെ പരിശോധിക്കുമെന്ന് കേസ് പരിഗണിച്ച സുപ്രിംകോടതി പ്രസ്താവിച്ചിരുന്നു.

ഇതിന് പിന്നാലെ ഇടപാടില്‍ അഴിമതി നടന്നെന്നും, ഇതിന് തെളിവാണ് സുപ്രിംകോടതി ഉത്തരവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഈ പ്രസ്താവനക്കെതിരെ ബിജെപി വക്താവ് മീനാക്ഷി ലേഖിയാണ് സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജിയുമായി സമീപിച്ചത്.

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നതായി കോടതി പ്രസ്താവിച്ചിട്ടില്ലെന്നും, രാഹുലിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകവും, കോടതി അലക്ഷ്യവുമാണെന്നും ബിജെപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.