ബിജെപി വിളിക്കുമ്പോൾ കൂടെ പോകാത്തവരെ കേരളം വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി

single-img
22 April 2019

ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ കഴിയുന്ന നവോത്ഥാന കേരളത്തിന്റെ നിലനിൽപ്പിനായാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 10 സീറ്റിൽ കൂടുതൽ കിട്ടുമെന്നും മുഖ്യമന്ത്രി  പറഞ്ഞു. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം കണ്ണൂർ പ്രസ്ക്ലബിൽ നടന്ന മീറ്റ് ദ പ്രസിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

പത്ത് സീറ്റ് കിട്ടുമോയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. പത്തോ, അതുക്ക് മേലെയെന്ന് ഉടൻ വന്നു ഉത്തരം. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ നിലവിൽ വരേണ്ടതുണ്ട്. അതിന് ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാർലമെന്റിൽ ആവശ്യമാണ്. ബിജെപി വിളിക്കുമ്പോൾ കൂടെപ്പോകാത്തവരെ വേണം ജയിപ്പിക്കാനെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

എന്തെല്ലാം കുപ്രചരണം നടത്തിയാലും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നിലവിൽ സംസ്ഥാന സർക്കാരിന് അനുകൂലമാണ് കേരളത്തിലെ ജനവികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതനിരപേക്ഷ-ജനാധിപത്യമൂല്യങ്ങൾ തകർക്കുന്ന തരത്തിൽ സംഘപരിവാർ പ്രചാരണം നടത്തി. ആ സംസ്കാരം കേരളത്തിലും സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നത്. ഉത്തരേന്ത്യയിലെ തെറ്റായ കാര്യങ്ങൾ പകർത്താതിരിക്കാൻ ജാഗ്രത പാലിക്കുന്നില്ലെങ്കിൽ മഹത്തായ നമ്മുടെ പാരമ്പര്യം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. .