ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ അവരെ തോൽപ്പിക്കുവാൻ ശക്തിയുള്ള പാർട്ടിക്ക് വോട്ട് ചെയ്യൂ: എൻ എസ് മാധവൻ

single-img
22 April 2019

കേരളം എന്ന ആശയത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന  നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മറുപടി നൽകുവാൻ  ബിജെപി സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളീയര്‍ ചെയ്യേണ്ടതെന്ന്  എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. തീന്‍ മേശയ്ക്കു ചുറ്റും ഇരിക്കുന്ന കുടുംബാംഗങ്ങളെപ്പോലെ തന്നെ വൈവിധ്യമുള്ളതാണ് കേരളത്തിലെ രാഷ്ട്രീയമെന്ന് മാധവന്‍ പറഞ്ഞു.

തീന്‍മേശയ്ക്കു ചുറ്റും ഇരിക്കുന്നവരില്‍ മകള്‍ കടുത്ത സസ്യഭുക്ക് ആയിരിക്കും, മകന്‍ ബീഫ് കഴിക്കുന്നയാളാവും, അമ്മ ബിരിയാണിയും അച്ഛന്‍ കഞ്ഞിയും കഴിക്കുന്നയാളാവും. ഇതുപോലെയാണി ഇവിടെ രാഷ്ട്രീയവും. മകള്‍ എസ്എഫ്‌ഐ ആവും, മകന്‍ കെഎസ്‌യുവും അമ്മ പഴയ കമ്യൂണിസ്റ്റുകാരിയുമാവും. അച്ഛന്‍ നോട്ടയ്ക്കും മോദിക്കും ഇടയില്‍ ആടിക്കൊണ്ടിയിരിക്കുന്ന ആളാവും. എന്നിട്ടും അവര്‍ സന്തോഷത്തോടെ ജീവിക്കും. ഇതാണ് കേരളം എന്ന ആശയം.

ഇതു കേരളമാണ് എന്ന ഹാഷ് ടാഗോടെയാണ് ട്വിറ്ററില്‍ മാധവന്റെ അഭിപ്രായ പ്രകടനം. ഇങ്ങനെയൊരു കേരളത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടാവണം ഇത്തവണ വോട്ടു ചെയ്യേണ്ടതെന്ന് എന്‍എസ് മാധവന്‍ പറയുന്നു.  മോദിയും ഷായും ചേര്‍ന്നു നശിപ്പിക്കാന്‍ ശ്രമിച്ചത് കേരളം എന്ന ഈ ആശയത്തെയാണ്. ബിജെപി ശക്തമായ ഇടങ്ങളില്‍ അവരെ പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ളയാള്‍ക്കാവണം വോട്ട്- എൻ എസ് മാധവൻ പറയുന്നു.

അതായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ദ്രോണരുടെ കിളിക്കണ്ണ്. മറ്റു മണ്ഡലങ്ങളില്‍ സാധാരണ ചെയ്യാറുള്ള പോലെ വോട്ടു ചെയ്യാമെന്നും മാധവന്‍ പറയുന്നു.