നികേഷേ നിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ അന്ന് പോലീസിനോട് വെടിവെയ്ക്കല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല; അനില്‍ അക്കരെ

single-img
22 April 2019

ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്കുപറ്റിയ വാര്‍ത്ത വളച്ചൊടിച്ചുവെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനിനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ. റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന് മറുപടിയെന്നോണമായിരുന്നു അനില്‍ അക്കരയുടെ പോസ്റ്റ്.

നികേഷിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ.ക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ അന്ന് അദ്ദേഹം പൊലീസിനോട് വെടിവെക്കരുത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ആലത്തൂരില്‍ സി.പി.എം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നുമായിരുന്നു അനില്‍ അക്കരെ ചോദിച്ചത്.

‘ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്.
കോണ്‍ഗ്രസുകാരാണ് രമ്യ ഹരിദാസിനെ കല്ലെറിഞ്ഞതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നതെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്ന് അനില്‍ അക്കര അലറിവിളിക്കുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് തുടരുകയാണെന്നുമായിരുന്നു വാര്‍ത്ത.

‘നികേഷേ നിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ ക്കാര്‍ കല്ലേറിഞ്ഞപ്പോള്‍ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് വെടിവെയ്ക്കല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല. ഇവിടെ ആലത്തൂരില്‍ സി.പി.ഐ.എം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞു .ചതിക്കല്ലേ എന്ന് പറഞ്ഞു. അതിലന്താണ് തെറ്റ് നികേഷേ , ഞാന്‍ നിന്നെപ്പോലെ പാര്‍ട്ടിമാറില്ല’. എന്നായിരുന്നു അനില്‍ അക്കരെ ഫേസ്ബുക്കില്‍ കുറിച്ചത്.