ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ദ്യുതി ചന്ദിന് ദേശീയ റെക്കോര്‍ഡ്, ഹിമ ദാസിന് പരിക്ക്

single-img
22 April 2019

ദോഹ: ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം ദ്യുതി ചന്ദ് ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് വനിതകളുടെ 100 മീറ്ററില്‍ ഫൈനലില്‍ കടന്നു. വെറും 11.28 സെക്കന്റിലാണ് ദ്യുതി ഫൈനലിലെത്തിയത്. നിലവിലെ 11.29 എന്ന തന്റെതന്നെ റെക്കോര്‍ഡാണ് ദ്യുതി മറികടന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇതേഇനത്തില്‍ വെള്ളിനേടിയ താരമാണ് ദ്യുതി.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമാണ് ഒരു താരം ഈ നേട്ടം ഇന്ത്യയ്ക്കു സമ്മാനിച്ചത്. എന്നാല്‍, ദ്യുതിയുടെ നേട്ടത്തിനിടയിലും മെഡല്‍ പ്രതീക്ഷയായിരുന്ന ഹിമ ദാസ് 400 മിറ്റര്‍ സെമി ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി. മറ്റൊരു താരമായ എംആര്‍ പൂവമ്മ ഈ ഇനത്തില്‍ ഫൈനലിലെത്തിയിട്ടുണ്ട്.

2018ല്‍ നടന്ന ലോക അണ്ടര്‍20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ താരമാണ് ഹിമ. പുരുഷന്മാരുടെ വിഭാഗത്തില്‍ 400 മീറ്ററില്‍ ഇന്ത്യയുടെ മുഹമ്മദ് അനസ് ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്തോടെ ഫൈനലില്‍ കടന്നിട്ടുണ്ട്. അതേപോലെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലിലെത്തി. അടുത്തവര്‍ഷം നടക്കുന്ന ഒളിമ്പിക്‌സിനായുള്ള മുന്നൊരുക്കം കൂടിയാണിത്.