സുരേഷ് ഗോപി ലാലേട്ടനെ കാണാനെത്തി: വിജയിക്കുമോ എന്ന ചോദ്യത്തിന് സുരേഷിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് മോഹന്‍ലാലിന്റെ മറുപടി

single-img
22 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്ന സുരേഷ് ഗോപി മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടിലേക്ക് ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് സുരേഷ് ഗോപിയെത്തിയത്.

ഇരുവരും ഏറെ നേരെ സംസാരിച്ചു. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മോഹന്‍ലാലിന്റെ പിന്തുണ തേടി സുരേഷ് ഗോപി എത്തിയത്. ഇരുവരുടേയും കൂടിക്കാഴ്ചയുടെ വീഡിയോ സുരേഷ് ഗോപി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.

തന്റെ ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്ന ഒരു കാര്യത്തിന് ലാലിന്റെ അനുഗ്രവും പിന്തുണയും ലഭിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ല. തന്റെ തുടക്ക കാലം മുതല്‍ ലാലിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്.

ലാലിന്റെ അമ്മ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം നിറയെ ഉണ്ടാക്കി നല്‍കിട്ടുണ്ട്. ആ അമ്മയുടെ അനുഗ്രവും ലഭിക്കേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഇവിടെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വിജയ പ്രതീക്ഷ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. അദ്ദേഹത്തിന് നല്ലത് വരാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ലാല്‍ പറഞ്ഞു.

സിനിമ സംവിധാനം ചെയ്യുന്നതു സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അത് സത്യമാണെന്ന് ലാല്‍ പ്രതികരിച്ചു. അത്തരത്തില്‍ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. ബ്ലോഗില്‍ അക്കാര്യം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ചൂട് കഴിയുമ്പോള്‍ അതേക്കുറിച്ച് കൃത്യമായി പറയാമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് തിരുവനന്തപുരത്താണ് വോട്ടെന്നും വോട്ട് ചെയ്യാന്‍ പോകുമോ എന്ന കാര്യം ചോദിക്കരുതെന്നും അത് സസ്‌പെന്‍സ് ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പ്രിയസുഹൃത്തും സഹപ്രവർത്തകനുമായ ലഫ്. കേണൽ പത്മഭൂഷൺ ഭരത് മോഹൻലാലിനെയും അഭിവന്ദ്യ മാതാവിനെയും അദ്ദേഹത്തിന്റെ എറണാകുളം എളമക്കരയിലെ വസതിയിൽ സന്ദർശിക്കുന്നു..

Posted by Suresh Gopi on Sunday, April 21, 2019