ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് വിസ നിരോധനം

single-img
22 April 2019

രാജ്യത്തേക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണവുമായി കുവൈറ്റ്. സിറിയ, യമന്‍, പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ബംഗ്‌ളാദേശ് തുടങ്ങി ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസിറ്റിംഗ് വിസക്കും മറ്റു വിസക്കും നിരോധനം ബാധകമാണ്.

ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ലെഫ്റ്റനല്‍ ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ ജറയുടെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനിമുതല്‍ വിസ ലഭിക്കുകയുള്ളൂവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തൊഴില്‍ വിസ അനുവദിക്കുന്നതില്‍ ഈ രാജ്യക്കാര്‍ക്കു നേരത്തെ തന്നെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയംത്തിന്റെ വിശദീകരണം.

അതേസമയം നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് താമസാനുമതി പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 152,759 സിറിയക്കാരും 14,999 ഇറാഖികളും 38,034 ഇറാന്‍കാരും 12,972 യെമനികളും 107,084 പാകിസ്ഥാനികളും 278,865 ബംഗ്ലാദേശികളും നിയമാനുസൃത ഇഖാമയില്‍ കുവൈത്തില്‍ താമസിക്കുന്നുണ്ട്.