ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് സ്വീകരണത്തിലൂടെ ലഭിച്ചത് ഒരുലക്ഷത്തിലധികം ഷാളുകൾ; തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഇത് എങ്ങോട്ട് പോകുന്നു?

single-img
22 April 2019

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് സ്വീകരണ യോഗങ്ങളിലൂടെ  ലഭിച്ചത് ഒരു ലക്ഷത്തിൽ അധികം ഷാളുകളാണ്. ഈ ഷാളുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ കുമ്മനം രാജശേഖരൻ ഇവിടെ വ്യത്യസ്തനാവുകയാണ്. സ്വീകരണ യോഗങ്ങളിൽ കിട്ടിയ ഷാളുകൾ കൊണ്ട് തുണി ബാഗുകൾ നിർമ്മിക്കാനാണ് കുമ്മനം ലക്ഷ്യമിടുന്നത്.

ഇതിനായി സ്വയം സഹായ സംഘങ്ങളെയും ബിഎംഎസിന്റെ തയ്യൽ തൊഴിലാളികളെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. കിട്ടിയ ഷാളുകൾ ഉടൻ ഇവർക്ക് കൈമാറുമെന്നും സൂചനകളുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞയുടൻ ഷാളുകൾ ഇവർക്ക് കൈമാറുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.

ഈ തെരെഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന് സ്വീകരണങ്ങളാണ് കുമ്മനത്തിന് ലഭിച്ചത്. അതിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തിലധികം ഷാളുകൾ ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പതിനായിരക്കണക്കിന് ബാഗുകൾ നിർമ്മിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.

സഞ്ചി നിർമ്മിക്കാൻ സാധിക്കാത്ത തുണി, തോർത്ത് എന്നിവ അനാഥാലയങ്ങൾക്ക് പതിവ് പോലെ സംഭാവന ചെയ്യുമെന്നും  ബിജെപി നേതാക്കൾ അറിയിച്ചു.

തുണി സഞ്ചി നിർമ്മാണം കൊണ്ട് പരിസ്ഥിതി സൗഹൃദ സംസ്കാരം വോട്ടർമാർക്ക് പകർന്നു നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദ തെരെഞ്ഞെടുപ്പ് എന്ന കമ്മീഷന്റെ നിർദ്ദേശം പൂർണ്ണമായി പാലിച്ചായിരുന്നു തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണമെന്നും  ഇതിന്റെ ക്രിയാത്മകമായ പരിസമാപ്തിയാണ് ബാഗ് നിർമ്മാണമെന്നും അദ്ദേഹം വ്യക്തമാക്കി.