യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട കല്ലട ബസ്സുകാര്‍ക്ക് ‘എട്ടിന്റെ പണി’

single-img
22 April 2019

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ടെന്ന പരാതിയില്‍ സുരേഷ് കല്ലട ബസ് പൊലീസ് പിടിച്ചെടുക്കും. കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ഛയ്ക്ക് മുമ്പ് സുരേഷ് കല്ലട ബസ് മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കനും നിര്‍ദ്ദേശം നല്‍കി. യാത്രക്കാരുടെ ബുക്കിംഗ് വിവരങ്ങളും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ് ജീവനക്കാരായ മൂന്നു പേര്‍ക്കെതിരേ മരട് പോലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തും.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

അഷ്‌കറും സച്ചിനും ഈറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അജയ് ഘോഷ്.

സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടാന്‍ നിര്‍ദേശിച്ചെങ്കിലും യുവാക്കള്‍ എത്തിയില്ല. അജയ്‌ഘോഷ് തൃശ്ശൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിനുശേഷം നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് മരട് എസ്.ഐ. ബൈജു പി. ബാബു പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ:

തിരുവനന്തപുരത്തുനിന്ന് ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോള്‍ യാത്രക്കാരായ യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിന് കാരണമായി. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു.

ബസ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ് ഏജന്‍സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില്‍ കയറി യുവാക്കളെ മര്‍ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.

https://www.facebook.com/Jacobphilip0/videos/10220404179880446/