കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം; ഗതാഗത മന്ത്രി എ കെ ശശിധരന്‍ റിപ്പോര്‍ട്ട് തേടി; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

single-img
22 April 2019

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കല്ലട ബസിലെ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന്‌ ബസ് ജീവനക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു. മാനേജരെ കൂടാതെ ജയേഷ്, ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി മരട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി ഗതാഗത കമ്മിഷണര്‍ അറിയിച്ചു. ആക്രമണം നടന്ന ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശിധരന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി.

വിഷയവുമായി ബന്ധപ്പെട്ട് കര്‍ശ്ശന നടപടിയുണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. ആക്രമണ സംഭവം ആസൂത്രിതമാണോ എന്ന് സംശയിക്കുന്നുവെന്നും പോലീസ് പറയുന്നു. യാത്രക്കാര്‍ക്ക് മര്‍ദ്ദനം ഏറ്റതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്ക് ട്രാൻസ്പോർട്ട് കമ്മീഷണറുമായി സംസ്ഥാന പോലീസ് മേധാവി സംസാരിച്ചു. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണമേഖല എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി നിർദ്ദേശം നൽകി.

കേരളത്തിലെ കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തും.കല്ലട ഗ്രൂപ്പിന്റെ ബസ്സില്‍ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാര്‍ക്കാണ്‌ ബസ്സുടമയുടെ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേറ്റത്.