ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളുണ്ട്; കള്ളവോട്ട് നടക്കില്ല; ശക്തമായ മുന്നറിയിപ്പുമായി കളക്ടര്‍ കെ.വാസുകി

single-img
22 April 2019

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ടവോട്ടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.വാസുകി. ഇത്തരത്തിലുള്ള ഇരട്ട വോട്ടര്‍മാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയെന്നും കളക്ടര്‍ അറിയിച്ചു. കള്ളവോട്ട് ചെയ്യാനുള്ള ഒരു നീക്കവും നടക്കില്ലെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

ഒരു ലക്ഷത്തി പന്ത്രണ്ടായിരം ഇരട്ട ഐഡികാര്‍ഡുകള്‍ കണ്ടെത്തിയെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ഉദ്യോഗസ്ഥരുടെ പങ്കാളിത്വത്തോടെയാണ് ക്രമക്കേടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു.

വ്യാപകമായ കള്ളവോട്ടുകള്‍ ചെയ്യുക എന്ന് ലക്ഷ്യത്തോടെ ഒരാള്‍ക്ക് രണ്ടു മൂന്നും തിരിച്ചറയില്‍ കാര്‍ഡ് സൃഷ്ടിച്ചിരിക്കെയാണെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. പല ബൂത്തുകളിലായി ഒരാള്‍ തന്നെ പേര് ചേര്‍ത്തിരിക്കുന്നതിന്റെ രേഖകള്‍ അടൂര്‍ പ്രകാശ് പുറത്തുവിട്ടു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ അറിവോടെയാണ് ഇത്തരത്തില്‍ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് കാട്ടിയതെന്ന് കാണിച്ച് അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഒരാള്‍ക്ക് ഒരു ബൂത്തില്‍ വോട്ടുചെയ്ത ശേഷം അത് മായ്ച്ചു കളഞ്ഞിട്ട് മറ്റൊരു ബൂത്തില്‍ വോട്ടു ചെയ്യാമെന്നതാണ് യു.ഡി.എഫിന്റെ പരാതി. എന്നാല്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയാണ് ക്രമക്കേടിന് പിന്നിലെന്ന് പറയാന്‍ അടൂര്‍ പ്രകാശ് തയാറായിട്ടില്ല. ക്രമക്കേട് ആരോപിക്കുന്ന വോട്ടര്‍പ്പട്ടികയുടെ പൂര്‍ണപകര്‍പ്പുമായാണ് അടൂര്‍പ്രകാശ് വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നത്.