ഒഡീഷയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ചു; ബിജെഡി സ്ഥാനാര്‍ത്ഥി അറസ്റ്റിൽ

single-img
22 April 2019

ഭുവനേശ്വര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ഒഡീഷയിൽ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍ ഒഡീഷയിലെ പിപിലി മണ്ഡലത്തിലെ ബിജെഡി സ്ഥാനാര്‍ത്ഥി പ്രദീപ് മഹാരഥി ആണ് അറസ്റ്റിലായത്. മഹാരഥിയുടെ ഫാം ഹൗസില്‍ വച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഒഡീഷ മുന്‍ മന്ത്രി കൂടിയായ ഇയാൾക്കെതിരെ വധശ്രമം, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തന്റെ ഫാം ഹൗസില്‍ വച്ച് മഹാരഥി വോട്ടര്‍മാര്‍ക്ക് വിരുന്നു സല്‍ക്കാരം നടത്തുന്നുണ്ടെന്നും മദ്യവും പണവും പാരിതോഷികമായി നല്‍കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചംഗ ഉദ്യോഗസ്ഥ സംഘം അന്വേഷണത്തിനായി അവിടെയെത്തുകയായിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് റാബി നാരായണ പത്ര നേതൃത്വം നല്‍കുന്ന സംഘത്തെ അവിടെവച്ച് ഗുണ്ടകളുടെ സഹായത്തോടെ മഹാരഥി നേരിടുകയായിരുന്നു.

മഹാരഥിയുടെയും സംഘത്തിന്റെയും ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ഒരുവിധം അവിടെനിന്ന് രക്ഷപെടുകയായിരുന്നു. വാഹനത്തില്‍ രക്ഷപെടാൻ ശ്രമിച്ച തങ്ങളെ മഹാരഥിയുടെ ആളുകള്‍ പിന്തുടര്‍ന്നു വന്നെന്നും ഉദ്യോഗസ്ഥര്‍ പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്.