കുമ്മനം രണ്ടാം സ്ഥാനത്തേക്കും സുരേന്ദ്രനും മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെടും; മുന്നിൽ ശശി തരൂരും, വീണാ ജോര്ജും. ബിജെപിക്കു ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന മേൽക്കൈ പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

single-img
22 April 2019

ചാനലുകൾ നടത്തിയ സർവേക്ക് പിന്നാലെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.ബിയുടെ തെരഞ്ഞെടുപ്പ് സർവേ ഫലം പുറത്തായി. എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി വോട്ടെടുപ്പിന് തൊട്ടു മുന്നേ ഐ.ബി നടത്തുന്ന സർവേയുടെ ഫലമാണ് ഇന്നലെ പുറത്തായത്. ചാനലുകളിൽ നിന്നും വ്യത്യസ്‍തമായ മാനദണ്ഡം സ്വീകരിക്കുന്ന സർവേ ആയതിനാൽ ഇതിന്റെ വിശ്വാസ്യത ഏറെ വലുതാണ്. ഇത് പ്രകാരം കേരളത്തിലെ പത്തോളം സീറ്റുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. എന്നാൽ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാനിടയില്ല എന്നും സർവേ ഫലം സൂചിപ്പിക്കുന്നു. എൻ എസ് എസ് നിലപാട് മാറ്റിയതാണ് ബിജെപിക്കു തിരിച്ചടിയായത് എന്നാണു ഐ.ബിയുടെ വിലയിരുത്തൽ.

തുടക്കം മുതലേ ഇരു മുന്നണികൾക്കും അഞ്ചു വീതം സീറ്റുകളിൽ ജയ സാധ്യത ഉണ്ട് എന്ന് വിലയിരുത്തുന്ന ഐ.ബിയുടെ തെരഞ്ഞെടുപ്പ് സർവേ, പത്തു സീറ്റുകളിൽ കടുത്ത മത്സരം ആണ് നടക്കുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്. അതിൽ പത്തനംതിട്ട, വടകര, ആറ്റിങ്ങൽ, കണ്ണൂർ, ആലത്തൂർ, പൊന്നാനി മണ്ഡലങ്ങളുടെ ഫലം പ്രവചനാതീതമാണ് എന്നാണ് വിലയിരുത്തുന്നത്.

സർവേ ഫലം ബിജെപിക്ക് തികഞ്ഞ നിരാശയാണ് നൽകുന്നത് എന്നാണു ലഭിക്കുന്ന സൂചന. കേരളത്തിലെ ചാനലുകൾ നടത്തിയ സാമ്പിൾ സർവേ മാനദണ്ഡങ്ങൾ പാലിച്ചല്ല എന്നും അതുകൊണ്ടു അതിനെ വിശ്വാസത്തിലെടുക്കേണ്ട എന്നും ഐ ബി സർക്കാരിന് ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ വോട്ടു ചെയ്യുന്ന മണ്ഡലങ്ങളിൽ ഇരുന്നൂറിൽ താഴെ ആളുകളോട് അഭിപ്രായം ചോദിച്ചാണ് കേരളത്തിലെ ചാനലുകൾ അഭിപ്രായ സർവേകൾ തയ്യാറാക്കിയത് എന്നും, ഇതിൽ ചില ചാനലുകളെ രാഷ്ട്രീയ പാർട്ടികൾ സ്വാധീനിച്ചെന്നും ഐ ബി വിലയിരുത്തുന്നു.

എൻ എസ് എസ്സിനെ വിശ്വാസത്തിലെടുക്കാത്ത ബിജെപി സംസ്ഥാന നേതൃത്വമാണ് കാര്യങ്ങൾ കുഴപ്പിച്ചത് എന്ന് ഐ ബി വിലയിരുത്തുന്നു. കൂടാതെ കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ആദ്യം തെരഞ്ഞെടുപ്പ് വിഷയമാക്കിയ ശേഷം ശബരിമല വിഷയം അവസാന നിമിഷം ഉന്നയിച്ചിരുന്നു എങ്കിൽ നല്ല രീതിയിൽ മുന്നേറ്റം ഉണ്ടാക്കാമായിരുന്നു എന്നും ഐ ബി റിപ്പോർട്ട് സൂചിപ്പിക്കുന്നു. തുടർച്ചയായി ബിജെപി പ്രവർത്തകർ ശബരിമല വിഷയം ഉന്നയിക്കുന്നത് ജനങ്ങളുടെ മടുപ്പിനു കാരണമാക്കിയിട്ടുണ്ട് എന്നും ഐ ബി സർവേ സൂചിപ്പിക്കുന്നു. കൂടാതെ പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ കേന്ദ്ര സർക്കാർ വിശ്വാസ സംരക്ഷണത്തിന് ഓർഡിനൻസ് ഇറക്കാൻ തയാറാകാത്തതിനെ കോൺഗ്രസ് പ്രചാരം വിഷയമാക്കിയതും ബിജെപിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു എന്നും അവർ വിലയിരുത്തുന്നു.

ബിജെപി ഏറെ മുന്നേറ്റം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയപ്രതീക്ഷ ഒട്ടുമില്ല എന്ന് പറയുന്ന സർവേ, പക്ഷെ സുരേന്ദ്രൻ കാര്യമായ മുന്നേറ്റം ഉണ്ടാക്കും എന്ന് പ്രവചിക്കുന്നു. എന്നാൽ ജയിക്കാനാവശ്യമായ വോട്ടുകൾ സമാഹരിക്കാൻ വേണ്ട സാമുദായിക പിന്തുണ ഇല്ലാത്തതു തിരിച്ചടിയാകും എന്നും സർവേ സൂചിപ്പിക്കുന്നു. വീണാ ജോർജ് ഇവിടെ ജയിക്കുമെന്നാണ് ഐ ബി വിലയിരുത്തുന്നത്. അതുപോലെ തിരുവനന്തപുരത്തു കുമ്മനം ഏറെ പിന്നോട്ട് പോകും എന്ന് തന്നെയാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. അതിനു കാരണമായി ചൂണ്ടി കാണിക്കുന്നത് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കുമ്മനം രാജശേഖരനുള്ള വ്യക്തിപരായ വിഷയങ്ങളാണ് എന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. കൂടാതെ ബിജെപിക്കുള്ളിൽ നിലനിൽക്കുന്ന വിഭാഗീയത കുമ്മനത്തിന്റെ വിജയ സാധ്യതകളെ ബാധിക്കുമെന്നും സർവേ വിലയിരുത്തുന്നു. കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനാണ് ഇവുടെ സാധ്യത കൽപ്പിക്കുന്നത്.