തെരഞ്ഞെടുപ്പിനു മുന്നോടിയായി തലസ്ഥാനത്ത് കഞ്ചാവ് വേട്ട; പിടിയിലായത് കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയും നിരവധി കേസുകളിലെ പ്രതിയുമായ കൊടും ക്രിമിനൽ

single-img
22 April 2019

കഴക്കൂട്ടം: ലോക്സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുന്നേ തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. കഴക്കൂട്ടത്തും മറ്റു സമീപ പ്രദേശത്തും കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന മൊത്തവ്യാപാരിയായ കൊടും ക്രിമിനൽ കഴക്കൂട്ടം എക്സൈസിൻറെ പിടിയിൽ. കഠിനംകുളം തൈവിളാകം വീട്ടിൽ അബുബക്കർ മകൻ നിസാർ (41) നെയാണ് അതി വിദഗ്ധമായി തിങ്കളാഴ്ച രാവിലെ എക്സൈസ് സംഘം വലയിലാക്കിയത്.

നിസാറിൽ നിന്നും 1.100 കിലോ കഞ്ചാവും നാലായിരം രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.എൻ ഡി പി എസ് ആക്ട് പ്രകാരം കേസും എടുത്തിട്ടുണ്ട്. ഒട്ടനവധി കേസുകളിലെ പ്രതിയായ നിസാർ കഴക്കൂട്ടം, കണിയാപുരം, കഠിനംകുളം, പെരുമാതുറ, ചിറയിൻകീഴ്, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിൽ വർഷങ്ങളായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും മയക്കുമരുന്ന് വ്യാപാരത്തിലും സജീവമായിരുന്നു.

രണ്ട് വർഷം മുൻപ് എക്സൈസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി അറബിക്കടലിൽ ചാടി രക്ഷപെട്ട നിസാറിനെ നിരവധി നാളത്തെ ശ്രമത്തിനൊടുവിലാണിന്നു അറസ്റ്റ് ചെയ്യാൻ സാധിച്ചതെന്ന് കഴക്കൂട്ടം എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മുകേഷ് കുമാർ ഇവാർത്തയോട് പറഞ്ഞു.

എക്സൈസ് ഇൻസ്‌പെക്ടർ പ്രദീപ് റാവുവിൻറെയും അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മുകേഷ് കുമാറിന്റെയും നേതൃത്വത്തിൽ ഉദോഗസ്ഥരായ കെ ആർ രാജേഷ്, തോമസ് സേവ്യർ ഗോമസ്, ജെസീം, സുബിൻ, മണികണ്ഠൻ, സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.