വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീര്‍ ചക്ര പുരസ്കാരത്തിന് വ്യോമസേന ശുപാര്‍ശ ചെയ്തു

single-img
21 April 2019

ന്യൂഡല്‍ഹി: പാക്‌ സൈന്യം പിടികൂടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വീര്‍ ചക്ര പുരസ്കാരത്തിന് വ്യോമസേന ശുപാര്‍ശ ചെയ്തു. രാജ്യത്തിന്‍റെ ഏറ്റവും വലിയ മൂന്നാമത്തെ ബഹുമതിയാണ് വീര്‍ ചക്ര. പരംവീര്‍ ചക്ര, മഹാവീര്‍ ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികള്‍.

പാകിസ്താന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ മാർച്ച് ഒന്നാം തീയതിയാണ് പാക്കിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് തിരികെ കൈമാറിയത്.

പാകിസ്താനിലെ ബാലക്കോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്‍റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിര്‍ത്തിയാണ് വീര്‍ ചക്ര പുരസ്കാരത്തിനായി അഭിനന്ദന്‍ വര്‍ദ്ധമാനെ വ്യോമസേന ശുപാര്‍ശ ചെയ്തത്.