സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത്: ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

single-img
21 April 2019

വിവാദ പരാമശങ്ങള്‍ നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനാണ് മാപ്പ് പറച്ചിൽ.

സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത് എന്ന് ശ്രീധരന്‍പിള്ള പറഞ്ഞെന്നാണ് മീണയുടെ വെളിപ്പെടുത്തല്‍.

വിഷയത്തില്‍ തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞെന്നും എന്നാല്‍ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പതിവെന്നുമാണ് മീണ പറഞ്ഞു. ‘എന്തെങ്കിലും പറഞ്ഞിട്ട്, സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും. ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മീണ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മീണ രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ വാള്‍പോസ്റ്റിലായിരുന്നു ടിക്കാറാം മീണയുടെ പ്രതികരണം.

മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കാട്ടി സി.പി.ഐ.എം നേതാവ് വി. ശിവന്‍കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും നല്‍കിയ പരാതിയിലാണ് ആറ്റിങ്ങല്‍ പോലീസ് പിള്ളയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.