‘ഇതു വൃത്തികേടാണ്; ഏതുനേതാക്കളാണ് ഇതിനു പിന്നിലെന്നറിയാം’; സുരേഷ് ഗോപി

single-img
21 April 2019

ബിജു മേനോന്‍ തനിക്ക് സഹോദരതുല്യനാണെന്നും അദ്ദേഹം തനിക്കായി വോട്ട് ചോദിച്ചിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം വൃത്തികേടാണെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ബിജു മേനോനെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതൊക്കെ താരങ്ങള്‍ എവിടെയൊക്കെ പോയി ? ആ കളി കയ്യില്‍ വച്ചാല്‍ മതി. ബിജു മേനോന്‍ വന്ന് എനിക്ക് വോട്ട് ചോദിച്ചിട്ടേയില്ല. സഹോദരതുല്യനായ ഒരു കലാകാരന് എനിക്കു വേണ്ടി സംസാരിക്കാന്‍ പാടില്ലേ ? ഇതു വൃത്തികേടാണ്. എന്തു വില കൊടുത്തും ഞാന്‍ ബിജുവിനെ സംരക്ഷിക്കും’ സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് തൃശൂരില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ബിജു മേനോന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളില്‍ കനത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്.

ബിജു മേനോന്റെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധവുമായി ആരാധകര്‍ എത്തിയത്. താങ്കള്‍ക്ക് മലയാളികളുടെ മതേതരമനസ്സുകളില്‍ ഒരു സ്ഥാനമുണ്ടെന്നും ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നും പറഞ്ഞാണ് ആരാധകര്‍ രംഗത്തെത്തിയത്.

‘സുരേഷ് ഗോപി എന്ന മനുഷ്യനല്ല പ്രശ്‌നം, അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയ ശാസ്ത്രമാണ് പ്രശ്‌നം, സാംസ്‌കാരിക തൃശൂരിന് അത് അംഗീകരിക്കാന്‍ പറ്റില്ല, ജയിച്ചാലും അദ്ദേഹത്തിന് ഒരു പ്രത്യേയ ശാസ്ത്ര തീരുമാനങ്ങളും എടുക്കാന്‍ കഴിയില്ല, അമിത് ഷാ പറയുന്നത് വാലും ചുരുട്ടി അനുസരിക്കാനെ കഴിയൂ,’ എന്നായിരുന്നു ചില കമന്റുകള്‍.