വയനാട്ടിൽ തുഷാറിനു വേണ്ടി പ്രചരണം നടത്താൻ സ്മൃതി ഇറാനി എത്തില്ല; നടുവേദനയെന്നു വിശദീകരണം

single-img
21 April 2019

വയനാട്ടിൽ രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി എത്തില്ല. നടുവേദന മൂലം ചികിത്സയിലായത് കൊണ്ടാണ് സ്മൃതി ഇറാനി പ്രചാരണത്തിന് എത്താതിരിക്കുന്നതെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. പകരം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ റോഡ് ഷോ ആണ് ഉണ്ടാവുകയെന്നും നേതാക്കള്‍ വ്യക്തമാക്കി.

സ്മൃതി ഇറാനിയുടെ റോഡ് ഷോയാണ് ആദ്യം തീരുമാനിച്ചിരുന്നത്. റോഡ് ഷോയ്ക്കുള്ള ഒരുക്കള്‍ക്കിടയില്‍ മന്ത്രി എത്തില്ല എന്ന വിവരം കേന്ദ്ര നേതാക്കള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍മല സീതാരാമനെ നിയോഗിച്ചതായും അവര്‍ വ്യക്തമാക്കി.നാളെ രാവിലെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടെത്തുന്ന നിര്‍മല സീതാരാമന്‍ 10.25ന് ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ എത്തുകയാണ് ചെയ്യുന്നത്. .

മണ്ഡലത്തില്‍ ദേശീയ നേതാക്കള്‍ എത്താത്തതില്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസ് നേതൃത്വവും ബിജെപി നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. നേതാക്കള്‍ എത്താത്തതില്‍ ബിഡിജെഎസ് പ്രവര്‍ത്തകരും അസംതൃ്പതരാണ്. പ്രധാനമന്ത്രിയും നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു.

നേരത്തെ തൃശൂർ സീറ്റിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു വയനാട്ടിലേക്ക് മാറിയത്. ബിഡിജെഎസ് പ്രവർത്തകർക്കെതിരെയും രേഖപ്പെടുത്തി. നടുവേദനയാണെന്നറിയിച്ച കേന്ദ്രമന്ത്രി അമേഠിയില്‍ സജീവമായി തെരഞ്ഞടുപ്പ് രംഗത്തുണ്ടെന്നും ബിഡിജെഎസ് പ്രവര്‍ത്തകര്‍ പറയുന്നു.