സിനിമയില്‍ എനിക്ക് സംഭാഷണം കുറവാണെന്നു കൂടി കേട്ടപ്പോൾ തോന്നി, വളരെ നല്ലത്, ശരീരംകൊണ്ട് എങ്ങനെ ഇമോഷൻ വരുത്താമെന്ന്‍ ശ്രദ്ധിക്കാമല്ലോ; സായ് പല്ലവി പറയുന്നു

single-img
21 April 2019

അഭിനയത്തിലെപോലെ തന്നെ പെരുമാറ്റത്തിലും മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് സായ് പല്ലവി. നീണ്ടുനിന്ന മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് ‘ അതിര’നിലൂടെ എത്തിയിരിക്കുന്ന സായ് മലയാളികളോട് മനസ് തുറക്കുകയാണ്.

“ഒരേപോലെതന്നെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്കു താൽപര്യമില്ല. ആദ്യ സിനിമയിലെ മലർ പോലെ ഇനിയും അഞ്ച് റോൾ ഞാന്‍ ചെയ്താൽ കാണുന്ന നിങ്ങൾക്കും ബോറടിക്കും. അതിനാല്‍തന്നെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണം. കൂടുതലായി സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടാകാനും വേറിട്ട റോളുകൾ കണ്ടെത്തണം. ഇത് ആദ്യമായാണ് ഓട്ടിസ്റ്റിക് ആയ പെൺകുട്ടിയുടെ വേഷം എന്നെ തേടിയെത്തുന്നത്. അതുകൊണ്ടു തന്നെ താൽപര്യം തോന്നി. സംഭാഷണം കുറവാണെന്നു കൂടി കേട്ടപ്പോൾ, എനിക്കു തോന്നി, വളരെ നല്ലത്, ശരീരംകൊണ്ട് എങ്ങനെ ഇമോഷൻ വരുത്താമെന്നു ശ്രദ്ധിക്കാമല്ലോ. അങ്ങനെ പലരീതിയിലും അതിരൻ ലേണിങ് പ്രോസസ് ആയിരുന്നു”.

ഞാൻ സ്വയം പ്രൂവ് ചെയ്യുകയാണ് അല്ലെങ്കിൽ എന്നെ തന്നെ സർപ്രൈസ് ചെയ്യുകയാണ്. ‘ഹായ് പല്ലവി, നോട്ട് ബാഡ്, യു കാൻ ഡു ദിസ്’. ഇതാണ് ഇപ്പോൾ എന്റെ ഫീലിങ്. ഓരോ സിനിമയിലും ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്യണമെന്നാണ് ആഗ്രഹം. ഉദാഹരണമായി ഓട്ടിസ്റ്റിക് ആയ ഒരു റോൾ ചെയ്യുമ്പോൾ ആ രീതിയിലുള്ളവരെ കണ്ടും നിരീക്ഷിച്ചും ചെയ്യണം.

കഥാപാത്ര പൂര്‍ണ്ണതയ്ക്കായി ഒരു കെയർഹോമിൽ പോയി അവിടെയുള്ളവരെ കണ്ടിരുന്നു. അവിടെ ചില കുട്ടികൾക്ക് തീരെ ചെറിയ ശബ്ദം പോലും സഹിക്കാനാകില്ല, നമ്മള്‍ ഉറക്കെ സംസാരിച്ചാൽ അവർ തലയിൽ അടിച്ചുതുടങ്ങും. ചിലരുടെ കൈകള്‍ പ്രത്യേകരീതിയിലായിരിക്കും. മറ്റ് ചിലർ നൂൽ കൈകളിൽ പിരിച്ചുകൊണ്ടേയിരിക്കും. ഇതുപോലുള്ള പെരുമാറ്റ രീതികൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.

അതിരനിൽ ഞാൻ ഇടയ്ക്ക് കളരിയും ചെയ്യുന്നുണ്ട്. അതിന് വേണ്ടി അനുയോജ്യമായ രീതികൾ കണ്ടെത്തണമായിരുന്നു. ഓട്ടിസത്തില്‍ സിനിമയില്‍ എക്സ്ട്രീം മാനറിസങ്ങൾ ചെയ്യാൻ കഴിയില്ല. കാരണം അതു ചെയ്താൽ കളരി ചെയ്യുന്നത് വിശ്വസനീയമാവില്ല. അതുകൊണ്ട് സൂക്ഷ്മമായി ചെയ്യേണ്ടിരുന്നു. സായ് പല്ലവി പറയുന്നു.